ഇടതു മുന്നണിക്ക്‌ പുറത്തുനിന്ന് കൊണ്ടുള്ള സിപിഎം-കേരള കോണ്‍ഗ്രസ് സഹകരണം എളുപ്പമല്ല: പന്ന്യന്‍  രവീന്ദ്രന്‍

0
76

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഇടതുമുന്നണിക്ക്‌ പുറത്തുനിന്ന് കൊണ്ട് കേരളാ കോണ്‍ഗ്രസു (എം) മായുള്ള ഒരു സഹകരണം എളുപ്പമല്ലെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു.

കോട്ടയം മോഡല്‍ കേരളാ കോണ്‍ഗ്രസ് സഹകരണം കേരളമാകെ വ്യാപിപ്പിക്കും എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോള്‍ അത്  എന്ത് അര്‍ത്ഥത്തിലാണ്  എന്ന് അറിയില്ല. ഈ കാര്യം വിശദമായി പരിശോധിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലാണ് കേരള കോണ്‍ഗ്രസുമായി സഹകരണമുണ്ടാക്കിയ കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

കെ.എം.മാണി നിലപാട് അറിയിച്ചാല്‍ എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞിരുന്നു. കെഎം മാണിയുമായുള്ള സഹകരണം സംബന്ധിച്ച് കോട്ടയം ജില്ലാ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായാണ്‌ കേരളാ കോണ്‍ഗ്രസ് സഹകരണം സിപിഎമ്മിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്ന കാര്യം കോടിയേരി വെളിപ്പെടുത്തിയത്.

നിലവില്‍ കോട്ടയം സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള സഹകരണത്തിനു അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം സഹകരണം വഴി ലഭിച്ചതാണ്.

കേരളാ കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ കോട്ടയം ജില്ലയില്‍ സിപിഎമ്മിന് നേട്ടമുണ്ടാക്കാം. കോട്ടയത്തെ ഈ നേട്ടം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്നാണ് കോടിയേരി പ്രതികരിച്ചത്.

സിപിഐയും സിപിഎം കേന്ദ്ര നേതൃത്വവും കേരളാ കോണ്‍ഗ്രസ് സഹകരണത്തിന് എതിരാണ്. കെ.എം.മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ക്കോഴ അഴിമതി അങ്ങിനെ പെട്ടെന്ന് മറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ. തത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുന്ന ഇടതുമുന്നണി സംവിധാനത്തിനു എങ്ങിനെയാണ് കെ.എം.മാണിയെപോലുള്ള ഒരു നേതാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നും സിപിഐ ചോദിച്ചിരുന്നു.