എന്‍സിപിയില്‍ ലയിക്കാനെടുത്ത തീരുമാനത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് തന്ത്രപരമായ തെറ്റ് പറ്റി: പി.സി.ജോര്‍ജ്

0
66

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കാനെടുത്ത തീരുമാനത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് തന്ത്രപരമായ തെറ്റ് പറ്റിയെന്നു പി.സി.ജോര്‍ജ് എംഎല്‍എ 24 കേരളയോടു പറഞ്ഞു.

ആര്‍.ബാലകൃഷ്ണപിള്ളയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. എന്‍സിപിക്ക് ബാലകൃഷ്ണപിള്ളയെ പോലുള്ള ഒരു നേതാവിനെ ഉള്‍ക്കൊള്ളാന്‍ പറ്റുമോ എന്ന കാര്യത്തില്‍ അദ്ദേഹം പുനരാലോചന നടത്തേണ്ടിയിരുന്നു. അതൊന്നും ചെയ്യാതെ നീക്കം നടത്തിയപ്പോള്‍ അത് പാളുകയും ചെയ്തു-പി.സി.ജോര്‍ജ് പറഞ്ഞു.

എന്‍സിപിയുടെ നിലവിലെ ശക്തമായ ഗ്രൂപ്പ് വഴക്കുകളും കണക്കിലെടുക്കേണ്ടിയിരുന്നു. എ.കെ.ശശീന്ദ്രന്‍ ഗ്രൂപ്പും തോമസ്‌ ചാണ്ടി ഗ്രൂപ്പും ശക്തമായ പോരുകളില്‍ പാര്‍ട്ടിക്കകത്ത് ഏര്‍പ്പെട്ടിട്ടുണ്ട്. ഈ രണ്ടു ഗ്രൂപ്പും പിള്ള വരുന്നതിനെ ഒരുമിച്ച് എതിര്‍ത്തു. അത് പീതാംബരന്‍ മാസ്റ്റര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരുന്നു. അതുകൊണ്ട് തന്നെയാണ് പീതാംബരന്‍ മാസ്റ്റര്‍ക്ക് പരസ്യ ക്ഷമാപണം നടത്തേണ്ടിവന്നത്.

കന്‍ കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ യോജിക്കുന്ന നേതാവല്ല പിള്ള. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നത് പിള്ളയ്ക്ക് ഇഷ്ടമുള്ള കാര്യവുമല്ല. ഗണേഷ്കുമാര്‍ എന്‍സിപിയില്‍ ഒറ്റയ്ക്ക് ചേര്‍ന്നാല്‍ മന്ത്രി പദവി മാത്രമല്ല എംഎല്‍എ പദവി കൂടി നഷ്ടപ്പെടുമെന്ന് പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഗണേഷിന്റെ മന്ത്രി സ്ഥാനവും നടക്കാതെ പോയി.

പക്ഷെ രാഷ്ട്രീയ നീക്കം നടത്തുമ്പോള്‍  ബാലകൃഷ്ണ പിള്ള ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചാല്‍ എന്‍സിപി നീക്കത്തില്‍ പിള്ള പരാജയപ്പെടില്ലായിരുന്നു.

കേരളാ കോണ്‍ഗ്രസ് (ബി) യെ എന്‍സിപിയില്‍ ലയിപ്പിക്കാന്‍ ശ്രമിച്ച ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഈ രാഷ്ട്രീയ പരീക്ഷണത്തില്‍ കൈപൊള്ളിയിരുന്നു. ഉഴവൂര്‍ വിജയന്‍റെ മരണശേഷം കേരളാ എന്‍സിപി ഘടകത്തില്‍ ശക്തമായി നിലകൊണ്ടിരുന്ന എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ക്കും ഈ നീക്കത്തില്‍ ചുവടു പിഴച്ചു.

എന്‍സിപി ദേശീയ നേതൃത്വവും ആര്‍.ബാലകൃഷ്ണപിള്ളയും പീതാംബരന്‍ മാസ്റ്ററും യോജിച്ച് നടത്തിയ നീക്കം എന്‍സിപിയിലെ ശക്തമായ തോമസ്‌ ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ യോജിച്ച് പരാജയപ്പെടുത്തുകയായിരുന്നു. ഈ നീക്കം പരാജയപ്പെട്ടപ്പോള്‍ ഇത്തരം നീക്കത്തിലൂടെ എന്‍സിപിയിലെ മന്ത്രി പദവി ലക്ഷ്യം വെച്ച് നീങ്ങിയ കോവൂര്‍ കുഞ്ഞുമോനും ചവറ എംഎല്‍എ എന്‍.വിജയന്‍ പിള്ളയും നടത്തിയ നീക്കങ്ങളും പരാജയമായി.