ഐഎംഎ പ്ലാന്‍റ്:കളക്ടറുടെ റിപ്പോർട്ടനുസരിച്ച് തീരുമാനമെന്ന് റവന്യൂ മന്ത്രി

0
58

തിരുവനന്തപുരം: പാലോട്ടെ നിർദിഷ്ട ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റ് സംബന്ധിച്ച് കളക്ടറുടെ റിപ്പോർട്ട് കിട്ടിയതിനു ശേഷം അന്തിമ തീരുമാനമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മെഡിക്കൽ മാലിന്യ സംസ്കരണത്തിന് പ്ലാന്‍റ് വേണമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ പ്രദേശവാസികളുടെ അഭിപ്രായം തേടുമെന്നും മന്ത്രി പറഞ്ഞു.

ഐഎംഎയുടെ എട്ടേക്കറോളം വരുന്ന ഭൂമിയിലാണ് ആശുപത്രി മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന പ്ലാന്റ് വരുന്നത്. പ്ലാന്റിനെ കാര്യത്തില്‍ സര്‍ക്കാരിലും ഭിന്നാഭിപ്രായമുണ്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്ലാന്റിന് അനുകൂലമായി നീങ്ങുമ്പോള്‍ വനംമന്ത്രി കെ.രാജു പ്ലാന്റിന് എതിരായി നീങ്ങുകയാണ്.

വളരെ ശാസ്ത്രീയമായി മുന്നോട്ട് പോകുന്നതാണ് ഐഎംഎ പ്ലാന്റ്. അവിടെ പറ്റില്ലാ എന്ന് പറയുമ്പോള്‍ പ്ലാന്റ് എങ്ങോട്ട് കൊണ്ട് പോകും-ആരോഗ്യമന്ത്രി ചോദിക്കുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പ്ലാന്റ് വരുന്നത് എന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ പ്ലാന്റിനെ കാര്യത്തില്‍ പഠനം നടത്തേണ്ടതുണ്ട് എന്ന് വാദമാണ് വനംമന്ത്രി കെ.രാജു ഉയര്‍ത്തുന്നത്.

പ്ലാന്‍റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിർമാണം അനുവദിക്കാൻ നിയമ തടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അനുമതി നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.