ഐഎംഎ മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രി കെ.കെ.ശൈലജ

0
55

തിരുവനന്തപുരം: ഐഎംഎ മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ആശുപത്രി മാലിന്യം സംസ്‌കരിക്കണം. അത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്റിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഉടന്‍ മറ്റൊരു സ്ഥലം കണ്ടെത്തുന്നത് ശ്രമകരമാണെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.
നേരത്തെ പ്ലാന്റിനെതിരെ റവന്യൂവകുപ്പ് രംഗത്തുവന്നിരുന്നു. പ്ലാന്റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മ്മാണം അനുവദിക്കാന്‍ നിയമതടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമതടസം ചൂണ്ടിക്കാട്ടുന്നതൊടെ പ്ലാന്റിന് അനുമതി നല്‍കാനാവില്ലന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.
വനം വകുപ്പിന് പിന്നാലെയാണ് റവന്യൂ വകുപ്പും പ്ലാന്റിനെതിരെ നിലപാടെടുക്കുന്നത്. പ്ലാന്റിനായി ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് ഭൂമിയില്‍ 5 ഏക്കറും റവന്യൂ രേഖകള്‍ പ്രകാരം നിലമാണ്. നിലമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയില്‍ നിയമപ്രകാരം നിര്‍മാണങ്ങള്‍ അനുവദിക്കാനാവില്ലന്നും കലക്ടര്‍ കെ. വാസുകി ആവശ്യപ്പെട്ടത് പ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ നെടുമങ്ങാട് തഹസീല്‍ദാര്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം പ്രദേശത്ത് ജനവാസമില്ലന്ന ഐഎംഎ നിലപാടിനെയും റിപ്പോര്‍ട്ടില്‍ പൊളിച്ചടുക്കുന്നുണ്ട്. നിര്‍ദിഷ്ട പ്രദേശത്തിന് 350 മീറ്റര്‍ അകലെ 64 കുടുംബങ്ങളുള്ള പട്ടികവര്‍ഗ കോളനിയും മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ട് പട്ടികജാതി കോളനിയുമുണ്ട്. ഭൂമിയിലെക്കുള്ള റോഡിനിരുവശവും 40 കുടുംബങ്ങളുണ്ട്. പ്ലാന്റ് വരുന്ന ഭൂമി നീരുറവയോട് കൂടിയ കണ്ടല്‍ക്കാടുണ്ടെന്നും പറഞ്ഞ് പരിസ്ഥിതി പ്രാധാന്യവും വ്യക്തമാക്കുന്നു. ഇതൊടെ റവന്യൂ വനം വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ ലംഘിച്ചില്ലങ്കില്‍ പാലോട് പ്ലാന്റിന് പാരിസ്ത്ഥിക അനുമതി ലഭിക്കില്ലന്ന് ഉറപ്പാണ്.