കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു

0
77

ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം. ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണ് സൈന്യം തടഞ്ഞത്. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു.

രാവിലെ അഞ്ചേമുക്കാലോടെ അര്‍ണിയ സെക്ടറിലെ നികോവല്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ (ബിഒപി) രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം വെടിവയ്പ് ആരംഭിച്ചതായി ബിഎസ്ഫ് ഐജി റാം അവ്തര്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ തിരിച്ചും വെടിവച്ചു.അതിനിടെ, ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഭീകരാക്രമണത്തിനും പാക്ക് സൈന്യത്തിന്റെ പ്രകോപനത്തിനും മറുപടിയായി സേന തിരിച്ചടിച്ചു. ബുധനാഴ്ച രാത്രി മാത്രം പാകിസ്താന്റെ രണ്ട് പോസ്റ്റുകള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ആസൂത്രണത്തോടെയുള്ള നീക്കത്തിനു മുന്നില്‍ പാക്ക് സൈന്യത്തിന്റെ ശബ്ദം നിലച്ചതായി സേനാ വക്താവ് പറഞ്ഞു. ഈ വര്‍ഷം ആദ്യമുണ്ടായ പാക്ക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്താനെതിരെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസങ്ങളിലും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ മൂന്നു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ്, പഞ്ചാബിലെ അഞ്ജന സെക്ടറിലും പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചിരുന്നു. പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.