തുടര്‍ച്ചയായി രണ്ടാം ദിവസവും ശിക്ഷാവിധി മാറ്റി; കാലിത്തീറ്റ കുംഭകോണ കേസില്‍ വിധി നാളെ

0
57

റാഞ്ചി: കാലിത്തീറ്റകുംഭകോണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി നാളത്തെക്ക് മാറ്റി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിക്ഷാവിധി മാറ്റിവെച്ചിരിക്കുന്നത്. നേരത്തെ ജനുവരി മൂന്നിന് പ്രഖ്യാപിക്കാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി രഘുവംശ് പ്രസാദ് സിംഗാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്. അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ജനുവരി മൂന്നിലെ ശിക്ഷാവിധി മാറ്റിവെച്ചത്.

ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ പ്രസ്താവന ഇറക്കിയതിന് കഴിഞ്ഞദിവസം ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. തേജസ്വി യാദവിന് പുറമെ, ആര്‍ജെഡി നേതാക്കളായ രഘുവംശ് പ്രസാദ് സിംഗ്, മനോജ് ഝാ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. മൂന്ന് പേരോടും ജനുവരി 23 ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ 23 നാണ് ലാലു ഉള്‍പ്പെടെ 16 പേരെ കാലിത്തീറ്റകുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്. 11 പേര്‍ വിചാരണക്കാലയളവിനിടെ മരണപ്പെട്ടിരുന്നു. ഒരാള്‍ കുറ്റം സമ്മതിച്ച് മാപ്പ് സാക്ഷിയായിരുന്നു. നേരത്തെ ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

1995-96 കാലയളവില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി രൂപ പിന്‍വലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രി, ധനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു ലാലു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ ഫയലില്‍ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മന:പ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്. ലാലുവിന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നെന്നും എന്നാല്‍ നടപടി വൈകിപ്പിച്ച് അദ്ദേഹം അഴിമതിക്ക് കൂട്ട് നില്‍ക്കുകയായിരുന്നു എന്നുമായിരുന്നു സിബിഐ ആരോപിച്ചത്.

2013 സെപ്തംബര്‍ 30 നായിരുന്നു ആദ്യകേസില്‍ ലാലുവിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. ചൈബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 37.5 കോടി രൂപ പിന്‍വലിച്ചെന്ന കേസിലായിരുന്നു ഇത്. ഈ കേസില്‍ പിന്നീട് സുപ്രിം കോടതി ലാലുവിന് ജാമ്യം അനുവദിക്കുകയായിരുന്നു. അന്ന് രണ്ട് മാസത്തോളം ലാലുവിന് ജയിലില്‍ കഴിയേണ്ടി വന്നു.

2014 ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവിന് എതിരായ നാല് കേസുകളിലെ വിചാരണ സ്റ്റേ ചെയ്തിരുന്നു. സമാന സ്വഭാവം ഉള്ള കേസുകളില്‍ ഒരേ സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിചാരണ നേരിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി സ്റ്റേ ഉത്തരവ് നല്‍കിയിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ച, അഴിമതി നിരോധനം എന്നീ ചാര്‍ജുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സ്റ്റേ പിന്നീട് സുപ്രിം കോടതി നീക്കുകയും ലാലു പ്രസാദ് യാദവ് എല്ലാ കേസുകളിലും പ്രത്യേക വിചാരണ നേരിടണമെന്നും നിര്‍ദേശിച്ചിരുന്നു. 1990 നും 1997 നും ഇടയില്‍ കന്നുകാലികള്‍ക്ക് കാലിത്തീറ്റയും മരുന്നുകളും വ്യാജ ബില്ലുകളും മറ്റും ഉപയോഗിച്ച് വാങ്ങിയതിലൂടെ 1,000 കോടി രൂപ ഖജനാവിന് നഷ്ടമായി എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.