കൊറിഗാവ് യുദ്ധം: ജനിച്ച നാട്ടില്‍ മനുഷ്യരായി ജീവിക്കുന്നതിനുവേണ്ടി നടത്തിയ പോരാട്ടം

0
70

മുംബൈ: മഹാരാഷ്ട്രയുടെ ചരിത്ര കഥകളില്‍ ഇന്നും പ്രമുഖ സ്ഥാനമാണ് കൊറിഗാവ് യുദ്ധത്തിനുള്ളത്. കേവലം 500 പോരാളികളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 28,000 പേര്‍ഷ്യാ സൈനികരെ യുദ്ധത്തില്‍ പോരാടി തോല്‍പ്പിക്കുകയായിരുന്നു അന്ന്. സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ദളിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ബ്രാഹ്മണ മേധാവിത്തത്തെ അട്ടിമറിക്കാന്‍ പോന്ന ആത്മബലം അതിനുണ്ടെന്നും തിരിച്ചറിഞ്ഞ നാളുകളുമായിരുന്നു അത്. 1817 ഡിസംബര്‍ 31ന് തുടങ്ങിയ യുദ്ധം 1818 ജനുവരി ഒന്നിനാണ് അവസാനിക്കുന്നത്.

മഹാരാഷ്ട്ര പിടിച്ചടക്കാന്‍ മൂന്ന് യുദ്ധങ്ങളാണ് പ്രധാനമായും ബ്രിട്ടന്‍ നടത്തിയത്. 1817-18 കാലത്തായിരുന്നു മൂന്നാം യുദ്ധം. തങ്ങളുടെ സൈനികസഹായ വ്യവസ്ഥ സ്വീകരിക്കാന്‍ മഹാരാഷ്ട്ര നേതാക്കളെ ബ്രിട്ടന്‍ നിര്‍ബന്ധിച്ചു. ഇതോടൊപ്പം മറാത്താ പ്രഭുക്കന്‍മാരുടെ നേതൃത്വം പേഷവയില്‍ നിന്നും എടുത്തുമാറ്റുകയും ചെയ്തു. കൊങ്കണ്‍ തുടങ്ങിയ പ്രധാന പ്രദേശങ്ങള്‍ ബ്രിട്ടന് ലഭിച്ചു. എന്നാല്‍, ബ്രിട്ടനു കീഴില്‍ ജീവിക്കാന്‍ പെഷവ ഇഷ്ടപ്പെട്ടില്ല. അവര്‍ പൂണെയിലെ ബ്രിട്ടീഷ് റസിഡന്‍സി ആക്രമിച്ച് തീയിട്ടു.

പ്രത്യാക്രമണത്തില്‍ ബ്രിട്ടിഷ് സൈന്യം പെഷവയെ പരാജയപ്പെടുത്തി. തുടര്‍ന്ന് ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിച്ച മറ്റുള്ളവരും തോല്‍പ്പിക്കപ്പെട്ടു. നര്‍മദാ നദിക്ക് വടക്കുള്ള ജില്ലകള്‍ ബ്രിട്ടീഷ് ഇന്ത്യയോട് ചേര്‍ത്തു. ഖിര്‍ക്കിയില്‍ പരാജയപ്പെട്ടിട്ടും പെഷവ രണ്ട് യുദ്ധങ്ങള്‍കൂടി നടത്തി. 1818 ജനുവരിയില്‍ കൊറിഗാവ് യുദ്ധവും ഫെബ്രുവരിയില്‍ അഷ്ടിയുദ്ധവും. രണ്ട് യുദ്ധങ്ങളിലും തോറ്റ ബാജിറാവു രണ്ടാമന്‍ ജൂണില്‍ കീഴടങ്ങിയതോടെ പെഷവ സ്ഥാനം (പ്രധാനമന്ത്രി) ബ്രിട്ടിഷുകാര്‍ നിര്‍ത്തലാക്കി. ഇന്ത്യയില്‍ ബ്രിട്ടന്റെ തേരോട്ടവും തുടങ്ങി.

കേണല്‍ എഫ്.എഫ്.സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികരാണ്, പൂണെയ്ക്കടുത്തുള്ള ഭീമ നദി കടന്ന് കൊറഗാവില്‍ പെഷവ രാജസേനയുമായി ഏറ്റുമുട്ടിയത്. 12 മണിക്കൂര്‍ കഠിനമായ യുദ്ധം. സര്‍വസജ്ജരായിരുന്നു പെഷവ സേന. 20,000 പടക്കുതിരകള്‍, 8000 കാലാള്‍പ്പട.. എണ്ണപ്പെരുക്കത്തിന്റെ വലിപ്പത്തില്‍ ബ്രിട്ടിഷ് സേന വിറച്ചില്ല. ആഹാരവും വെള്ളവുമില്ലാതെ, ക്ഷീണമറിയാതെ അവര്‍ പോരാടി. പെഷവ സേനയെ കാല്‍ക്കീഴിലാക്കി..

ഈ യുദ്ധവിജയങ്ങളോടെയാണ് മറാത്തയില്‍ ബ്രിട്ടിഷുകാര്‍ സുഗമമായ ഭരണം തുടങ്ങിയത്. ഭീമ-കൊറിഗാവ യുദ്ധത്തിലെ ബ്രിട്ടിഷ് സൈന്യകര്‍ മഹര്‍ അഥവാ ദളിതരായിരുന്നു. മറാത്ത സാമ്രാജ്യത്തോട് പോരാടി ജയിച്ച ദളിത് സൈനികരുടെ ഓര്‍മ പുതുക്കുന്ന ദിനമാണ് ജനുവരി ഒന്ന്. 1927 ജനുവരി ഒന്നിന് ഡോ.ബി.ആര്‍.അംബേദ്കര്‍ ഇവിടെയുള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദലിത് സമൂഹം എല്ലാ പുതുവര്‍ഷത്തിലും ഇവിടെ ഒത്തുകൂടി രണസ്മരണ പുതുക്കും. അന്നത്തെ പോരാളികള്‍ക്കുള്ള അഭിവാദ്യമായി കരസേനയില്‍ ഇന്ന് മഹര്‍ റെജിമെന്റുമുണ്ട്.

മഹറുകളെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന കാലമുണ്ടായിരുന്നു. പൊതുകാര്യങ്ങളിലെല്ലാം ഇവര്‍ക്ക് അയിത്തം കല്‍പ്പിക്കപ്പെട്ടു. കാല്‍പ്പാടുകള്‍ പതിഞ്ഞാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ് മഹറുകളുടെ പിന്നില്‍ ചൂല്‍ കെട്ടി നടത്തിച്ചിട്ടുണ്ട്. തുപ്പല്‍ മണ്ണില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ കുടം കെട്ടിത്തൂക്കി. അതുകൊണ്ടുതന്നെ ജനിച്ച നാട്ടിലെ ഈ അടിമത്തത്തിനെതിരെ, മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു മഹറുകളുടെ പോരാട്ടം. ദലിതരുടെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള യുദ്ധമായിരുന്നു അത്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികം. യുദ്ധവാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമാരംഭിക്കുന്നത്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പൂനെയില്‍ നിന്ന് സംഘര്‍ഷം മുംബൈയിലേയ്ക്ക് പടരുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയെ ഉടനീളം സംഘര്‍ഷഭരിതമാക്കുന്ന ഈ അക്രമത്തിന് തിരികൊളുത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് രണ്ട് ആര്‍എസ്എസുകാരാണെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എണ്‍പത്തഞ്ചുകാരനായ സംഭാജി ഭിഡെയും അമ്പത്താറുകാരനായ മിലിന്ദ് എക്ബോതെയുമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. ജനുവരി ഒന്നിന് ഭീമ കോറിഗാവ് വിജയ് ദിവസ് ആഘോഷിക്കാന്‍ ആയിരക്കണക്കിന് ദലിതര്‍ ഒത്തുകൂടുമെന്ന് ഇവര്‍ക്കറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഡിസംബര്‍ 29ന് പൂനെ ജില്ലയിലെ വാധു ഗ്രാമത്തിലെ സ്മാരകം ആക്രമിച്ചത്. യുദ്ധത്തില്‍ മരിച്ച ദലിതര്‍ക്കായി സ്ഥാപിച്ച സ്മാരകമാണിത്. ഭിഡെയ്ക്കും ഏക്ബോതെയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇരുവരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് രണ്ട് പേരും.