കോടികള്‍ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമി പി.വി.അബ്ദുള്‍ വഹാബ് എംപിയുടെ കയ്യില്‍; വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെടുക്കാന്‍ നടപടിയില്ല

0
587

എം.മനോജ്‌ കുമാര്‍ 

കോഴിക്കോട് : മുസ്ലിം ലീഗ് രാജ്യസഭാ എംപിയായ പി.വി.അബ്ദുള്‍ വഹാബിന്റെ ഭൂമി കയ്യേറ്റ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. 400 കോടിയോളം രൂപ വിലമതിക്കുന്ന കോഴിക്കോട് ചെറുവണ്ണൂരിലെ കണ്ണായ സ്ഥലത്തുള്ള 12 ഏക്കറോളം ഭൂമി വര്‍ഷങ്ങളായി പി.വി.അബ്ദുള്‍ വഹാബിന്റെ കയ്യിലാണ്. ഭൂമി കയ്യേറ്റ വിവാദങ്ങള്‍ കേരളത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുമ്പോഴാണ് വഹാബിന്റെ കയ്യിലുള്ള സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കാന്‍ ഒരു നടപടിയും ഉണ്ടാകാതിരിക്കുന്നത്.

ജോയ്സ് ജോര്‍ജ് എംപിയുടെ കുറിഞ്ഞി ഉദ്യാനഭൂവിലെ ഭൂമികയ്യേറ്റ പ്രശ്നം കത്തി നില്‍ക്കുമ്പോഴാണ് മറ്റൊരു എംപിയായ അബ്ദുള്‍ വഹാബിന്റെ ഭൂമി കയ്യേറ്റം വാര്‍ത്തകളില്‍ പോലും ഇടംപിടിക്കാതെ പോകുന്നത്. കോഴിക്കോട് ചെറുവണ്ണൂരില്‍ വെസ്റ്റ്‌ ഇന്ത്യാ സ്റ്റീല്‍ കമ്പനിയ്ക്ക് 1963ല്‍ സര്‍ക്കാര്‍ അനുവദിച്ച 13 ഏക്കറോളം ഭൂമിയാണ്‌ അനധികൃതമായി അബ്ദുള്‍ വഹാബിന്റെ കയ്യിലുള്ളത്.

അബ്ദുള്‍വഹാബിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് മോട്ടോഴ്സ് എന്ന സ്വകാര്യ കമ്പനിയാണ് ഈ ഭൂമിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പുണ്ടായിരുന്ന വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാരിന്റെയും വെസ്റ്റ് ഇന്ത്യാ സ്റ്റീല്‍ കമ്പനിയുടെയും അധീനതയിലായിരുന്നു ഈ ഭൂമി.

1997-വെസ്റ്റ്‌ ഇന്ത്യാ സ്റ്റീല്‍ കമ്പനി ലോക്കൌട്ട് ചെയ്തു. ഈ സമയം തന്നെ ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായിരുന്നു. കാരണം വെസ്റ്റ്‌ ഇന്ത്യാ സ്റ്റീല്‍ കമ്പനി നിലവില്‍ ഇല്ലെങ്കില്‍ ഭൂമിയുടെ ഉടമസ്ഥതാ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നതാണ്. കേരളാ ലാന്റ് അക്വിസിഷന്‍ ആക്റ്റ് പ്രകാരം ഈ സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ല. എന്നിട്ടും ഈ ഭൂമി അബ്ദുള്‍വഹാബ് എംഡിയായ ഇന്‍ഡസ് മോട്ടോഴ്സ് എന്ന സ്വകാര്യ കമ്പനിയുടെ അധീനതയില്‍ വന്നു.

കരാര്‍ പ്രകാരം ഈ ഭൂമി ഏത് ആവശ്യത്തിനാണോ ആ ആവശ്യത്തിനല്ലാതെ വേറെ ഒരു കാര്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ല. വെസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി 2006-ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഭൂമി ഇന്‍ഡസ് മോട്ടോഴ്സിന്റെ കൈവശം വന്നത്. 13 ഏക്കറോളം വരുന്ന ഭൂമിയില്‍ നാലു ഏക്കറോളം ഭൂമി ഇന്‍ഡസ് മോട്ടോഴ്സ് ആണ് ഉപയോഗിക്കുന്നത്.

2006-07 സാമ്പത്തിക വര്‍ഷം വെസ്റ്റ്‌ ഇന്ത്യാ സ്റ്റീല്‍ കമ്പനിയുടെ ലാഭമായി 66.34 ലക്ഷം രൂപ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ കാണിച്ചിട്ടുണ്ട്. പൂട്ടിയ കമ്പനി എങ്ങിനെയാണ് ലാഭം കാണിക്കുക എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. തൊഴിലാളികളുടെ ആനുകൂല്യത്തിനു വേണ്ടി ഒരേക്കര്‍ ഭൂമി സര്‍ക്കാര്‍ ജപ്തി ചെയ്ത് എടുത്തിരുന്നു. ആ ഭൂമിയിലെ 32 സെന്റ്‌ ഇന്‍ഡസ് കയ്യേറിയപ്പോള്‍ അന്ന് കോഴിക്കോട് കലക്ടര്‍ ആയിരുന്ന ജയതിലക് ആ സ്ഥലം ഒഴിപ്പിച്ചിരുന്നു.

എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്താണ് വഹാബിന്റെ കയ്യില്‍ സര്‍ക്കാര്‍ ഭൂമി വന്നുപെടുന്നത്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് അന്നത്തെ കളക്ടര്‍ ജയതിലക് റവന്യൂ സെക്രട്ടറി നിവേദിതാ പി.ഹരന് ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും തിരിച്ചെടുക്കണം എന്നും കാണിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.

ബിജെപി സംസ്ഥാന വക്താവായ പി.രഘുനാഥ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണം എന്ന് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ജോയ്സ് ജോര്‍ജിന്റെ കുറിഞ്ഞി ഉദ്യാന ഭൂമി തിരിച്ചു പിടിക്കണം എന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വഹാബിന്റെ കയ്യിലുള്ളതും സര്‍ക്കാര്‍ ഭൂമിയാണ്‌. ആ ഭൂമി എന്തുകൊണ്ട് സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നില്ല-രഘുനാഥ് ചോദിക്കുന്നു.

കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയുടെ കൈയ്യിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് നടപടി വരുന്നില്ല എന്ന ചോദ്യം ഈ സാഹചര്യത്തില്‍ വീണ്ടും പ്രസക്തമാകുന്നു.