ഡേവിഡ് ജെയിംസ്, നിങ്ങള്‍ക്കൊരു കോപ്പലാകാന്‍ കഴിയുമോ?

0
145


കെ.ശ്രീജിത്ത്

മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി എത്തുന്നു. ഐഎസ്എല്ലിന്റെ ആദ്യ പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചും മാര്‍ക്വി താരവും ജെയിംസ് ആയിരുന്നു. അത്തവണ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ജെയിംസ് എത്തുമ്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് വ്യത്യസ്തമായ വെല്ലുവിളികളാണ്.

ലീഗിന്റെ പകുതിയോളം തീര്‍ന്ന ഘട്ടത്തിലാണ് എത്തുന്നതെന്നതാണ് ഡേവിഡ് ജെയിംസ് നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ഏഴ് കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വെറും ഏഴ് പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. അതില്‍ തന്നെ ഒരേയൊരു കളി മാത്രമാണ് ജയിച്ചത്. നാല് കളികള്‍ സമനിലയിലായപ്പോള്‍ രണ്ടെണ്ണം തോറ്റു.  ഇനി ഈ ടീം സെമിഫൈനലിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും എന്നര്‍ത്ഥം.

ജെയിംസ് നേരിടുന്ന രണ്ടാമത്തെ വെല്ലുവിളി ടീം ഫോര്‍മേഷനിലാണ്. ഒരു ടീമെന്ന നിലയില്‍ ഒട്ടും ഒത്തിണക്കത്തിലെത്തിയിട്ടില്ല ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ്. ടീമെന്ന നിലയിലുള്ള സ്ഥിരതയോ കെട്ടുറപ്പോ ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സിനില്ല. അതിന് പല കാരണങ്ങളുണ്ട്. കളിക്കാര്‍ക്ക് കൃത്യമായ പൊസിഷനുകള്‍ നല്‍കുന്നതിലും അവരുടെ ജോലി എന്തെന്ന് നിര്‍വചിക്കുന്നതിലുമുള്ള പരാജയമാണ് ഒരു കാരണം. പരിക്ക് മറ്റൊരു കാരണമാണ്. കൂടാതെ റിസര്‍വ് ബെഞ്ചിന്റെ ശക്തിയില്ലായ്മ കൂടിയാകുമ്പോള്‍ ഈ ടീമിന്റെ തിരിച്ചടികള്‍ പൂര്‍ണമാകുന്നു.

കഴിഞ്ഞ കാലങ്ങളിലെ ബ്ലാസ്‌റ്റേഴ്‌സ് ടീമുകളെപ്പോലെ ഇത്തവണത്തെ ടീമിനും ഗോളടിക്കുക എന്നത് ഒരു ശീലമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വലിയൊരു പോരായ്മ. ഗോളടിയിലെ പിശുക്ക് ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ പിറകോട്ട് വലിക്കുന്നുണ്ട്. ഗോളടിക്കണമെങ്കില്‍ ആക്രമണോത്സുകമായ സമീപനമാണ് ആവശ്യം. ബ്ലാസ്റ്റേഴ്‌സിന് ഇല്ലാത്തതും അതുതന്നെയാണ്. ഐഎസ്എല്ലിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും പ്രതിരോധമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. എന്നാല്‍ ഇത്തവണ അതും പാളുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ബംഗളൂരു എഫ്‌സിയുമായി കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരം തന്നെയാണ്. മത്സരത്തില്‍ ബംഗളൂരു നേടിയ അവസാന രണ്ട് ഗോളുകളും പ്രതിരോധത്തിന്റെ കനത്ത പിഴവുകള്‍ കൊണ്ടായിരുന്നു. ആ രണ്ട് ഗോളുകളും ബംഗളൂരു നേടുമ്പോള്‍ കേരളത്തിന് പ്രതിരോധം തന്നെയില്ലായിരുന്നു എന്ന് വേണ്ടിവരും പറയാന്‍. അത്രമാത്രം ദയനീയമായിരുന്നു നായകന്‍ സന്ദേശ് ജിങ്കാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധനിരയുടെ കാര്യം. മാത്രമല്ല തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജിങ്കാന്റെ പിഴവ് മൂലം പെനാല്‍റ്റി വഴങ്ങേണ്ടിയും വന്നു. എതിര്‍ ടീമുകള്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ നിരന്തരം പിളര്‍ത്തുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. എപ്പോള്‍ വേണമെങ്കിലും ഗോള്‍ വഴങ്ങുമെന്ന നിലയില്‍ പ്രതിരോധം ആടിക്കളിക്കുന്നു. പ്രതിരോധത്തിലെ വിള്ളലുകള്‍ അടച്ചില്ലെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് വലിയ പ്രതീക്ഷയ്‌ക്കൊന്നും വകയില്ല.

മറ്റൊന്ന് മധ്യനിരയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ കളി നടക്കുന്നതേയില്ല. കളി മെനഞ്ഞെടുക്കാന്‍ സാമര്‍ത്ഥ്യമുള്ള ഒരൊറ്റ കളിക്കാരനെയും അവിടെ കാണാനില്ല. പറയാന്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും ഒക്കെയുണ്ടെങ്കിലും അതൊന്നും കളിയില്‍ കാണാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ കളിയില്‍ ബെര്‍ബറ്റോവും വിനീതും പരിക്ക് കാരണം കളിച്ചതുമില്ല. പിന്നെ പറയും വേണ്ടല്ലോ. ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്ന മാര്‍ക്വി താരങ്ങളില്‍ മിക്കവരും പരിക്ക് കാരണം ഒരു ടൂര്‍ണമെന്റ് പൂര്‍ണമായിട്ടും കളിക്കാറേയില്ല എന്നതാണ് വാസ്തവം. കാര്‍ലോസ് മര്‍ച്ചേന എന്ന സ്പാനിഷ് ഇതിഹാസം മാര്‍ക്വി താരമായി വന്നതും പോയതും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അറിഞ്ഞതേയില്ല. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിലായിരുന്നു മര്‍ച്ചേനയെ മാര്‍ക്വി താരമായി കൊട്ടിഘോഷിച്ച് കൊണ്ടുവന്നത്. അയാളാകട്ടെ പേരിനൊരു കളി മാത്രമാണ് കളിച്ചത്. ബാക്കി മുഴുവന്‍ സമയവും പരിക്കുമായി ബെഞ്ചിലിരിക്കുകയായിരുന്നു. കഴിഞ്ഞ തവണ മാര്‍ക്വി താരമായിരുന്ന ആരോണ്‍ ഹ്യൂസ് മികച്ച കളിക്കാരനായിരുന്നു. കേരളത്തിന്റെ പ്രതിരോധനിരയില്‍ അദ്ദേഹം ഉജ്ജ്വല കളി തന്നെയാണ് കാഴ്ച വെച്ചിരുന്നതും. എന്നാല്‍ അദ്ദേഹത്തിനും ചിലപ്പോള്‍ പരിക്ക്. അല്ലെങ്കില്‍ തന്റെ ദേശീയ ടീമിന്റെ മത്സരങ്ങളില്‍ കളിക്കുന്നതിനായി നാട്ടിലേയ്ക്കുള്ള പോക്ക്. ഇങ്ങിനെ മാര്‍ക്വി താരത്തെ സ്ഥിരമായി ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥ. ഇത്തവണ ബെര്‍ബറ്റോവിന്റെ കാര്യത്തിലും പരിക്കാണ് വില്ലന്‍. ഓള്‍റൗണ്ട് ഗെയിം കാഴ്ചവെയ്ക്കുന്ന ഹ്യൂമാകട്ടെ പൂര്‍ണമായും നിറം മങ്ങുകയും ചെയ്തിരിക്കുന്നു.

ആകെയുള്ള ആശ്വാസം ഗോള്‍കീപ്പര്‍മാരും മുന്നേറ്റനിരയില്‍ വിനീത് ഫോമിലേയ്ക്ക് മടങ്ങിയെത്തി എന്നതുമായിരുന്നു. അപ്പോഴതാ വിനീതിനും പരിക്ക്. ഒരു കളിക്കാരന് പരിക്കേറ്റാല്‍ അയാള്‍ക്ക് പകരം വെയ്ക്കാന്‍ മാത്രം മിടുക്കുള്ള ഒരു കളിക്കാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ബെഞ്ചിലില്ല. ഇത് ഇപ്പോഴത്തെ മാത്രം കാര്യമല്ല. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും കേരളത്തിന്റെ റിസര്‍വ് ബെഞ്ച് ശുഷ്‌കമായിരുന്നു. ഇതുപോലെ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു ടൂര്‍ണമെന്റ് കളിക്കുമ്പോള്‍ ശക്തമായ ഒരു റിസര്‍വ് ബെഞ്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാകില്ലെന്ന യാഥാര്‍ത്ഥ്യം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇനിയും മനസിലാക്കിയിട്ടില്ല. തുടരെ തുടരെ കളികളുണ്ടാകുമ്പോള്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുക സ്വാഭാവികമാണ്. അവര്‍ക്ക് ഒത്ത പകരക്കാരുണ്ടാവുക എന്നത് പ്രധാനമാണ്. എന്നാല്‍ ഗോള്‍കീപ്പര്‍മാരുടെ കാര്യത്തില്‍ ഇതുവരെ ആശ്വസിക്കാനുള്ള വകയുണ്ട്. അത് റെചൂക്ക ആയാലും ശരി സുഭാശിഷ് റോയ് ചൗധരി ആയാലും ശരി. ഇരുവരും തകര്‍പ്പന്‍ ഫോമിലാണ്.

ഐഎസ്എല്ലിന്റെ നാലാം പതിപ്പിലെത്തിനില്‍ക്കുമ്പോള്‍ ഇതില്‍ രണ്ട് തവണയാണ് ബ്ലാസ്റ്റേഴ്‌സിന്‌
ടൂര്‍ണമെന്റിന്റെ പകുതിയില്‍ വെച്ച് പുതിയ കോച്ചിനെ തേടേണ്ടിവരുന്നത്. ഇപ്പോള്‍ റെനി മ്യൂലന്‍സ്റ്റീന്‍ ചെയ്തതുപോലെ രണ്ടാമത്തെ പതിപ്പില്‍ പീറ്റര്‍ ടെയ്‌ലറും കോച്ചിന്റെ കുപ്പായം അഴിച്ചുവെച്ച് സ്ഥലം വിട്ടിരുന്നു. ടീമിന്റെ പ്രകടനം മോശമാകുന്നു എന്ന് കണ്ടാല്‍ അപ്പോള്‍ മാനേജ്‌മെന്റ് കോച്ചുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഈ സമ്മര്‍ദ്ദം സഹിക്കവയ്യാതെ അവര്‍ സ്ഥലം വിടുന്നു. ഇതുകൊണ്ട് ആര്‍ക്കാണ് നേട്ടം? ഓരോ കോച്ചിനും ഒരു ടൂര്‍ണമെന്റെങ്കിലും പൂര്‍ണമായും അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരുടെയും പരിശീലക രീതി വ്യത്യസ്തമാണ്. അത് ഉള്‍ക്കൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് മാനേജ്‌മെന്റ് ചെയ്യേണ്ടത്. അതിനുപകരം അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ടീമിന് ദോഷം ചെയ്യുക മാത്രമേയുള്ളൂ. മാത്രമല്ല, ടൂര്‍ണമെന്റിന്റെ പകുതി വെച്ച് ഒരു കോച്ച് രാജിവെച്ച് പോകുമ്പോള്‍ അത് പുറംലോകത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. പുതിയൊരു കോച്ച് വന്ന് കാര്യങ്ങള്‍ ശരിയാക്കി വരുമ്പോഴേയ്ക്കും ടൂര്‍ണമെന്റ് കഴിഞ്ഞിട്ടുണ്ടാകും. ഓരോ ടീമിലെയും കളിക്കാരുടെ പ്രതിഭയ്ക്കനുസരിച്ച് മാത്രമെ പരിശീലകര്‍ക്കും ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ. അല്ലാതെ പരിശീലകര്‍ മാന്ത്രികരൊന്നുമല്ല. കളിക്കാരുടെ പ്രതിഭ എത്രയുണ്ടോ അതിനനുസരിച്ചുള്ള ടീമിനെ മാത്രമെ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. നല്ല കളിക്കാരെ ലഭിക്കുമ്പോള്‍ മാത്രമെ നല്ല ടീമുണ്ടാകൂ എന്ന യാഥാര്‍ത്ഥ്യം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മറക്കരുത്.

തിരിഞ്ഞുനോക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് പറ്റിയ ഏറ്റവും വലിയ അബദ്ധം സ്റ്റീവ് കോപ്പല്‍ എന്ന തന്ത്രശാലിയായ പരിശീലകനെ വിട്ടുകളഞ്ഞതാണെന്ന് കാണാന്‍ കഴിയും. തന്ത്രങ്ങളുടെ രാജാവായിരുന്നു കോപ്പല്‍. തനിക്ക് ലഭിച്ചിട്ടുള്ള വിഭവങ്ങളുടെ പരിമിതികള്‍ മനസിലാക്കി ടീമിനെ ഒരുക്കിയ പരിശീലകനായിരുന്നു അദ്ദേഹം. ഓരോ കളിയിലും ഓരോ സാഹചര്യമായിരുന്നു. ആ സാഹചര്യം കൃത്യമായി മനസിലാക്കുന്നതിലും വളരെ പെട്ടെന്ന് പഠിച്ചെടുക്കുന്നതിലും അസാമാന്യ വൈഭവം കോപ്പല്‍ കാട്ടി. അതിന്റെ ഫലമായിരുന്നു വെറും ശരാശരി മാത്രമായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനെ അദ്ദേഹം ഫൈനലിലെത്തിച്ചത്. ഫൈനലില്‍ തോറ്റതാകട്ടെ ഷൂട്ടൗട്ടിലും. പൂര്‍ണസമയ കളിയില്‍ ശക്തരായ കൊല്‍ക്കത്തയെ കോപ്പലിന്റെ ടീം സമനിലയില്‍ കുരുക്കിയിട്ടിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ് ഷൂട്ടൗട്ട്. അതുകൊണ്ടുതന്നെ ആ പരാജയം മനസിലാക്കാവുന്നതേയുള്ളൂ. ഓരോ മത്സരത്തിന്റെയും ആദ്യ പകുതിയില്‍ കളി എങ്ങിനെയാണോ രൂപപ്പെടുന്നത് അതിനനുസരിച്ച് കളിയിലെ തന്ത്രങ്ങള്‍ മാറ്റാന്‍ കോപ്പല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതായത് കളിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം അപ്പപ്പോള്‍ തന്ത്രങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു എന്നര്‍ത്ഥം. ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ കാണുകയും ചെയ്യാമായിരുന്നു. ആദ്യ പകുതിയില്‍ കണ്ട ടീമിനെയല്ല പലപ്പോഴും രണ്ടാം പകുതിയില്‍ കണ്ടിരുന്നത്. ആ രീതിയിലുള്ള കളിയുടെ ആശാനായിരുന്നു കോപ്പല്‍. റെനി മ്യൂലന്‍സ്റ്റീന്‍ പരാജയപ്പെട്ടതും ഇത്തരം തന്ത്രങ്ങളിലാണ്. ഓരോ കളിക്കാരന്റെയും പരിമിതി മനസിലാക്കിക്കൊണ്ടുതന്നെ അവരില്‍ നിന്ന് പരമാവധി കളി പുറത്തുകൊണ്ടുവരുന്നതില്‍ റെനി പരാജയപ്പെട്ടു. എന്നാല്‍ അവിടെയായിരുന്നു കോപ്പല്‍ വിജയിച്ചിരുന്നത്. ഒരോ കളിക്കാരന്റെയും പരിമിതികള്‍ മനസിലാക്കി അദ്ദേഹം അവരുടെ ജോലി നിര്‍വചിക്കുകയും അത് അവരെക്കൊണ്ട് നടപ്പിലാക്കിയെടുക്കുകയും ചെയ്തു.

ഡേവിഡ് ജെയിംസിന് മറ്റൊരു കോപ്പലാകാന്‍ കഴിയുമോ എന്നതാണ് ഇനി കാണാനുള്ളത്. ബാക്കിയുള്ള കുറഞ്ഞ സമയം കൊണ്ട് ടീമിന്റെയും ആരാധകരുടെയും മാനം കാക്കുന്നതില്‍ അദ്ദേഹം ഫലപ്രാപ്തി കൈവരിക്കുമോ? ഒരു കാര്യം ഉറപ്പാണ്. ഇവിടുത്തെ സാഹചര്യങ്ങള്‍ ജെയിംസിന് പരിചിതമാണ്. അതാണ് അദ്ദേഹത്തിന് അനുകൂലമായ ഘടകവും. പക്ഷെ ആദ്യ ഐഎസ്എല്ലില്‍ അദ്ദേഹം കളിച്ച ടീമിലെ അംഗങ്ങളല്ല ഭൂരിപക്ഷം പേരും. സാഹചര്യവും വിഭിന്നമാണ്. എന്നാലും അന്ന് തന്റെ കൂട്ടുകാരനായിരുന്ന ഇയാന്‍ ഹ്യൂമിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ ജെയിംസിന് കഴിയും. ഹ്യൂം ഫോമിലേയ്ക്കുയര്‍ന്നാല്‍ തന്നെ, അദ്ദേഹത്തെ ഫലപ്രദമായി ഉപയോഗിച്ചാല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതി പ്രശ്‌നങ്ങള്‍ തീരും. ഡേവിഡ് ജെയിംസ് എന്ന പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങളൊന്നും പുത്തരിയല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ സാഹചര്യങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.