തോമസ് ഐസക് കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് ചെന്നിത്തല

0
32


കോഴിക്കോട്: ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച മന്ത്രി തോമസ് ഐസക് ഇപ്പോള്‍ കിലുക്കത്തിലെ ഇന്നസന്റിന്റെ അവസ്ഥയിലാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണുള്ളതെന്നും ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് സംസ്ഥാനത്തെ ഈ നിലയിലെത്തിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ട്രഷറികളില്‍ രണ്ടുമാസമായി പണമില്ല. മുന്‍ സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കൂടാതെ ദേശീയ തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ബിജെപിക്കും ആര്‍എസ്എസിനുമെതിരെ മതേതര ജനാധിപത്യ ബദല്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ അതിനു തുരങ്കം വയ്ക്കാനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നതെന്നും അത് ബിജെപിയെ സഹായിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ പദ്ധതി നടത്തിപ്പ് സ്തംഭിക്കുന്ന സാഹചര്യത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഒന്‍പതിനു സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനും 10,11 തീയതികളില്‍ പ്രാദേശികമായി ധര്‍ണകള്‍ നടത്താനും തീരുമാനമായി.