തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

0
41

കോട്ടയം: ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡു നിര്‍മിച്ചെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്. കൂടാതെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. ജനുവരി 18-ന് കേസ് വീണ്ടും പരിഗണിക്കും.

ലേക്പാലസ് റിസോര്‍ട്ടിനു സമീപത്തുകൂടെ വലിയകുളം മുതല്‍ സീറോജെട്ടി വരെ നിലംനികത്തി റോഡ് നിര്‍മിച്ചെന്നാണ് പരാതിയുള്ളത്. ഇതേത്തുടര്‍ന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ.

സുഭാഷ് എം.തീക്കാടന്‍ എന്നയാളാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്താന്‍ നവംബര്‍ നാലിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സിന് അന്വേഷണത്തിനായി ഒരു മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു. എന്നാല്‍ വീണ്ടും രണ്ടുതവണ സമയം നീട്ടിചോദിച്ച വിജിലന്‍സിനോട് ജനുവരി നാലിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

അതേസമയം, മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു. കേസിന്റെ പ്രാഥമികാന്വേഷണത്തിനു ശേഷം കോട്ടയം വിജിലന്‍സ് എസ്.പി ജോണ്‍സണ്‍ ജോസഫ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡയറക്ടറുടെ നടപടി.