ജയിലില്‍ ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ചട്ടലംഘനം: ഹര്‍ജി തള്ളി

0
35

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന സമയത്ത് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ചട്ടലംഘനം നടന്നതായും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജി തള്ളി. ഹൈക്കോടതിയാണ് തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ നല്‍കിയ ഹര്‍ജി തള്ളിയത്.

ജയില്‍ വകുപ്പിന്റേയും പൊലീസിന്റേയും റിപ്പോര്‍ട്ട് അനുസരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ ക്യാമറകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയില്‍ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളില്‍ ചട്ടലംഘനം നടന്നതായി വ്യക്തമാക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിനെ സന്ദര്‍ശിക്കാന്‍ നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് അനുമതി നല്‍കിയതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടനും എം.എല്‍.എയുമായ കെ.ബി.ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ അവധി ദിവസങ്ങളില്‍ പോലും ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചിരുന്നതായും മതിയായ രേഖകള്‍ വാങ്ങാതെയാണ് നടന്‍ ജയറാമിനെ ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുവദിച്ചതെന്നും ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചിരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.