നിരക്ക് വര്‍ദ്ധനപ്പിച്ച് സൗദിയിലെ ടാക്‌സികള്‍

0
61

റിയാദ്: സൗദിയില്‍ ടാക്‌സി കാറുകളുടെ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. പെട്രോള്‍ വില വര്‍ധിച്ചതോടെയാണ് ടാക്‌സി കാറുകളുടെയും നിരക്ക് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ടാക്‌സി നിരക്ക് വര്‍ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമിത ചാര്‍ജ് ഈടാക്കുന്നതായി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്.

ടാക്‌സികള്‍ക്ക് മീറ്ററുകള്‍ നിര്‍ബന്ധമാണെങ്കിലും ബഹുഭൂരിപക്ഷം കാറുകളിലും ഇതു പ്രവര്‍ത്തിക്കുന്നില്ല. പെട്രോളിന് വില വര്‍ധിച്ചതോടെ ടാക്‌സി ഡ്രൈവര്‍മാര്‍ തോന്നിയ നിരക്കാണ് ഈടാക്കുന്നത്. പല ടാക്‌സി ഡ്രൈവര്‍മാരും നിലവിലുളള നിരക്കിനേക്കാള്‍ മൂന്നിലൊന്ന് നിരക്കാണ് ഈടാക്കുന്നത്. വില വര്‍ധനവ് നിലവില്‍ വന്ന ഒന്നിന് വിദേശികള്‍ ഓടിക്കുന്ന ടാക്‌സികളില്‍ പലതും നിരത്തിലിറങ്ങിയില്ല. ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ സര്‍വ്വീസ് നടത്തുന്ന വിദേശികള്‍ കൂടുതല്‍ തുക ഈടാക്കുന്നത് കമ്പനികള്‍ വിലക്കിയിട്ടില്ല.

ഗതാഗതവകുപ്പ് ടാക്‌സി നിരക്ക് വര്‍ധനവ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ടാക്‌സി കമ്പനികള്‍ പെട്രോള്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ഗതാഗത നിരക്ക് ഉയരുമെന്ന് കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിലെ ദേശീയ ഗതാഗത സമിതി പ്രസിഡന്റ് സഈദ് അല്‍ ബസ്സാം പറഞ്ഞു. പരാതികള്‍ പരിഹരിക്കുന്നതിന് ടാക്‌സികള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ യൂബര്‍, കരിം തുടങ്ങിയവയുടെ കീഴില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി. വാഹനം ആവശ്യപ്പെടുമ്പോള്‍ തന്നെ നിരക്കും കാണിക്കുന്ന മൊബൈള്‍ ആപ്ലിക്കേഷനുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. മാത്രമല്ല സുരക്ഷിതമായ യാത്ര ഉറപ്പു നല്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ ഓണ്‍ലൈന്‍ ടാക്‌സികളെയാണ് ആശ്രയിക്കുന്നത്. പെട്രോള്‍ വില വര്‍ധനവിനൊപ്പം ഇതും ടാക്‌സികള്‍ക്ക് വെല്ലുവിളിയാണ്.