‘പണം ലഭിക്കുന്നതിനുമുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടത് ക്രിമിനല്‍ ഗൂഢാലോചന’; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ കോടതിയില്‍ പരാതി

0
47

തിരുവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വില്പന വിവാദത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കും കൂട്ടര്‍ക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി. ജോര്‍ജ് ആലഞ്ചേരിക്കു പുറമെ പൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ജോഷി വര്‍ഗീസിന്റേതാണ് പരാതി.

വിശ്വാസികളുടെ പണമാണ് സഭയ്ക്കുള്ളത്. അതിനാല്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്നത് വിശ്വാസികള്‍ക്കാണ്. ഭൂമിയിടപാട് നടന്നതില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. ഭൂമിയുടെ ദുരുപയോഗത്തിലൂടെ പ്രതി ചേര്‍ക്കപ്പെട്ടവര്‍ നടത്തിയത് കടുത്ത വഞ്ചനയാണ്. ഇത്‌ വഴിവെയ്ക്കുന്നത് ക്രിമിനല്‍ ഗൂഢാലോചന പോലെയുള്ള കുറ്റങ്ങളിലേയ്ക്കാണെന്നും പരാതിയില്‍ പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സഭാ നേതൃത്വം നടത്തിയ നീക്കമാണ് അഴിമതിയില്‍ കലാശിച്ചത്.

പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍
മെഡിക്കല്‍ കോളജ് പദ്ധതിയെ സഭയ്ക്കുള്ളിലെ ഭൂരിഭാഗം വൈദികരും എതിര്‍ത്തിരുന്നു. ഇതു തള്ളിയാണ് 60 കോടി രൂപ മുടക്കി അങ്കമാലിയില്‍ 23.22 ഏക്കര്‍ ഭൂമി സഭ വാങ്ങുന്നത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സഭാ നേതൃത്വം മുന്നോട്ടു പോയില്ല. എന്നാല്‍ മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയ ഇനത്തില്‍ എടുത്ത 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് ഈ കടം സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു വീട്ടാന്‍ വൈദിക സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 9,50,000 രൂപ വീതം 27 കോടിക്കു ഭൂമി വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ സഭയ്ക്ക് ലഭിച്ചത് ഒമ്പത് കോടി രൂപ മാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 ഏക്കര്‍ റബര്‍ തോട്ടവും ഇടുക്കി ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവും നല്‍കിയിരുന്നു. എന്നാല്‍ പണം എല്ലാം ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കിയതില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നാണ് പരാതി. മാത്രമല്ല മൂന്നേക്കര്‍ സ്ഥലം 36 പ്ലോട്ടുകളായി തിരിച്ചാണ് വില്‍പന നടത്തിയിരിക്കുന്നത്. ഇത് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുന്നതിന് വേണ്ടിയാണ്. ഇതുമൂലം സര്‍ക്കാരിന് രണ്ടു കോടി രൂപയാണ് ലഭിക്കാതെ പോയതെന്നും പരാതിക്കാരന്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം 120B, 406, 415,420 എന്നീ വകുപ്പുകള്‍ ചുമത്തണം എന്നാണ് പരാതിക്കാരന്റെ ആവശ്യം.