പാകിസ്ഥാന്‍ പുറത്തുവിട്ട കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോ വ്യാജമെന്ന് ഇന്ത്യ

0
50

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരന്‍ എന്ന് മുദ്രക്കുത്തപ്പെട്ട്
പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വെളിപ്പെടുത്തലുകളെന്ന പേരില്‍ പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോ വിശ്വാസ യോഗ്യമല്ലെന്ന് ഇന്ത്യ. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശ്ചര്യപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. പാകിസ്ഥാന്‍ നിര്‍ബന്ധിച്ച് പറയിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് വീഡിയോയിലുള്ളത്.
ഇത്തരം പ്രചാരണ തന്ത്രങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നും തടവില്‍ കഴിയുന്നയാളെക്കൊണ്ട് താന്‍ സന്തുഷ്ടനാണെന്ന് നിര്‍ബന്ധിച്ച് പറയിക്കുന്നതിനെപ്പറ്റി ഒന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. ഇന്ത്യന്‍ പൗരന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കാന്‍ പാടില്ലെന്നും കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്കുകയാണ് വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.

പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് കുല്‍ഭൂഷണ്‍ വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോയാണ് പാകിസ്ഥാന്‍ ഇന്ന് പുറത്തുവിട്ടത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തന്റെ അമ്മയോടും ഭാര്യയോടും ആക്രോശിക്കുന്നത് കണ്ടുവെന്നും കുല്‍ഭൂഷണ്‍ പറയുന്നതായി വീഡിയോയില്‍ ഉണ്ടായിരുന്നു.
പാകിസ്ഥാന്‍ പുറത്തുവിട്ട കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോ വ്യാജമെന്ന് ഇന്ത്യ