ഫ്‌ളോട്ടിങ് മാര്‍ക്കറ്റ് കേരളത്തിന് പരിചയപ്പെടുത്താന്‍ ആദ്യത്തെ കാര്‍ ബൂട്ട് സെയില്‍ തൃശ്ശൂരില്‍

0
353

ആഗോള വാണിജ്യ മേഖലയില്‍ വളരെ വേഗത്തില്‍ പ്രചാരം നേടുന്ന ട്രെന്‍ഡാണ് ഫ്‌ളോട്ടിങ് മാര്‍ക്കറ്റ്. തായ്‌ലാന്റ്, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളിലുള്ള ബോട്ട്‌ വ്യാപാരത്തെയാണ് ഫ്‌ളോട്ടിങ് മാര്‍ക്കറ്റ് എന്ന് പറയുക. എന്നാല്‍ ബോട്ടിന് പകരം വാഹനങ്ങളിലും ഇത് സാധ്യമാണ്. അതിന് ഉദാഹരണമാണ് കാര്‍ ബൂട്ട്. ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ലാത്ത കാര്‍ ബൂട്ട് കൊല്‍ക്കത്തയില്‍ ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കേരളത്തിലും കാര്‍ ബൂട്ട് ആദ്യമായി എത്തുന്നു.

ജനുവരി 12 മുതല്‍ 14 വരെ തൃശൂര്‍ പറവട്ടാനി കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കാര്‍ ബൂട്ട് സംഘടിപ്പിക്കുന്നത്. ഉത്പന്നങ്ങള്‍ കാറില്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനുമുള്ള അവസരമാണ് കാര്‍ ബൂട്ടിലൂടെ ലഭിക്കുക. ചെറുകിട, വന്‍കിട വ്യാപാരികള്‍ക്കും ഗൃഹനിര്‍മിത നിത്യോപയോഗ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ നിര്‍മിച്ച് വില്‍ക്കുന്നവര്‍ക്കും അവരുടെ ബ്രാന്‍ഡിങ് നടത്താനായി പറ്റിയ അവസരമാണ്‌ കാര്‍ ബൂട്ടിലൂടെ ലഭിക്കുക. ഉപയോഗയോഗ്യമായ സെക്കന്റ് ഹാന്റ് വസ്തുക്കളും ഇവിടെ വില്‍ക്കാമെന്നതാണ് കാര്‍ ബൂട്ടിന്റെ പ്രത്യേകത.

വിപണനത്തോടൊപ്പം സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം സംഘടിപ്പിക്കും. സംഗീതപരിപാടികള്‍ ഉള്‍പ്പെടുത്തി ക്യാംപ് ഫയര്‍, നാടക ആവിഷ്‌കാരങ്ങള്‍, ഗെയിമുകള്‍, സൗന്ദര്യ മല്‍സരങ്ങള്‍, ക്യാംപെയിനുകള്‍ തുടങ്ങി കാര്‍ ബൂട്ട് പുതിയ അനുഭവമാക്കി തീര്‍ക്കുകയാണ് ഉദ്ദേശം.

60 കാറുകള്‍ ബൂട്ട് സ്‌പെയ്‌സും 90 സ്റ്റാളുകളുമാണ് ഇവിടെ ഉണ്ടാകുക. ഡിഫൈന്‍ മാര്‍ക്കറ്റിങാണ് കാര്‍ ബൂട്ടിന്റെ സംഘാടകര്‍.