മന്‍മോഹന്‍ സിങ്ങിന് കത്തുമായി എ.രാജ

0
56

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് 2 ജി അഴിമതിക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി എ രാജയുടെ കത്ത്. മന്‍മോഹന്‍ സിങ്ങിന് തന്നെ പിന്തുണയ്ക്കാന്‍ കഴിയാതിരുന്ന സാഹചര്യങ്ങള്‍ എന്തെക്കെയാണെന്ന് കൃത്യമായി അറിയാമെന്ന് രാജ കത്തില്‍ പറയുന്നു.

2 ജി കേസുമായി ബന്ധപ്പെട്ട സത്യം പുറത്തുവന്ന സാഹചര്യത്തില്‍ ഇതുവരെ താങ്കള്‍ക്ക് നല്‍കാന്‍ കഴിയാതിരുന്ന പിന്തുണ ഇനിയെങ്കിലും  നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
‘ഞാന്‍ ഇന്ന് കുറ്റവിമുക്തനാണ്. ഞാന്‍ വിശ്വസ്തത പുലര്‍ത്തിയിരുന്നുവെന്ന് താങ്കള്‍ തിരിച്ചറിയുമെന്ന് കരുതുന്നു. 2 ജി അഴിമതിക്കേസില്‍ യു.പി.എ സര്‍ക്കാരിന് വലിയ വില നല്‍കേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏഴുവര്‍ഷം നഷ്ടപ്പെട്ടു. 15 വര്‍ഷം എനിക്ക് ജയിലില്‍ കഴിയേണ്ടിവന്നു. കേസിന്റെ വിചാരണയ്ക്കിടെ താങ്കള്‍ക്ക് വ്യക്തിപരമായ വിഷമം അനുഭവിക്കേണ്ടിവന്നുവെന്ന് കരുതുന്നില്ല’ രാജ കത്തില്‍ പറയുന്നു.

യു.പി.എ സര്‍ക്കാരിനെ വലിയ അപകടത്തിലേക്ക് തള്ളിയിട്ട കേസായിരുന്നു 2 ജി അഴിമതിക്കേസ്. കേസില്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി സെയ്‌നി ഡി.എം.കെ നേതാവ് എ രാജ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനു പിന്നാലെ 2017 ഡിസംബര്‍ 26 നാണ് മന്‍മോഹന്‍ സിങ്ങിനുള്ള കത്ത് എ രാജ എഴുതിയത്. രാജ കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും താങ്കള്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്നുവെന്നും രാജയ്‌ക്കെഴുതിയ മറുപടിക്കത്തില്‍ മന്‍മോഹന്‍ സിങ്ങ് വ്യക്തമാക്കിയിട്ടുണ്ട്.