മഹാരാഷ്ട്ര സംഘര്‍ഷം: ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

0
36

മുംബൈ: പൂനെയിലെ പരിപാടിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തി സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പുനെ പൊലീസ് കേസെടുത്തു. ഇരുവരുടെയും പ്രഭാഷണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

അക്ഷയ് ബികാന്ത്, ആനന്ദ് ദോന്ത് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. മേവാനിക്കും ഉമറിനുമെതിരെ ക്രിമിനല്‍ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ, മുംബൈയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൊലീസ് മേവാനിക്ക് വിലക്ക് ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നുണ്ടയ ആക്രമണത്തിന്റെയും ബന്ദിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ നിന്ന് മേവാനിയെ വിലക്കിയത്.

പുതുവത്സരദിനത്തില്‍ പുനെയില്‍ ഭീമ – കോറെഗാവ് യുദ്ധവാര്‍ഷികാചരണത്തിന്റെ പേരിലുണ്ടായ ദളിത്- മറാഠാ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടാണ് ബന്ദ് ആഹ്വാനം ചെയ്തത്. ബന്ദിനെ തുടര്‍ന്ന് മുംബൈയില്‍ ബസ്, ട്രെയിന്‍, വിമാന ഗതാഗതം തടസപ്പെട്ടു. 50 ബസുകള്‍ക്കു നാശനഷ്ടമുണ്ടായി. നാലു ബസ് ഡ്രൈവര്‍മാര്‍ക്കു പരുക്കേറ്റു. സ്വകാര്യ വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. 12 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 235 സര്‍വീസുകള്‍ വൈകി. മുളുണ്ടിനു സമീപം നാഹുറില്‍ ലോക്കല്‍ ട്രെയിന്‍ തടഞ്ഞ പ്രക്ഷോഭകര്‍ യാത്രക്കാര്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. പവയില്‍ രണ്ടു പൊലീസ് ബൈക്കുകള്‍ കത്തിച്ചതിനെത്തുടര്‍ന്ന് ലാത്തിച്ചാര്‍ജും നടന്നു.