മുത്തലാഖ് നിരോധന ബില്‍ സെലക്ട് കമ്മിറ്റിക്ക്‌ വിട്ടേക്കും

0
49

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മുത്തലാഖ് നിരോധന ബില്‍ സെലക്ട് കമ്മിറ്റിക്ക്‌ വിട്ടേക്കും. മുസ്ലിം വിഭാഗത്തില്‍ മുത്തലാഖ് അനുഷ്ഠിക്കുന്നവര്‍ക്ക്‌ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്നതിനൊപ്പം ഇത് ക്രിമിനല്‍ കുറ്റമാക്കാനുമുള്ള ഭേദഗതി ലോക്‌സഭാ അംഗീകരിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യപ്രതിപക്ഷം ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

ബിൽ പരിഗണിക്കുന്നതിനായി സർക്കാരും സിലക്‌ട് കമ്മിറ്റിക്കു വിടുന്നതിനായി പ്രതിപക്ഷവും രാജ്യസഭയിൽ ബുധനാഴ്ച പ്രമേയം അവതരിപ്പിച്ചു. എന്നാൽ ഇരുപക്ഷത്തെയും അംഗങ്ങളുടെ ബഹളം മൂലം തുടർനടപടികൾ സാധ്യമായില്ല.

സെലക്ട് കമ്മിറ്റിക്കു വിടാനുള്ള പ്രമേയം ചട്ടപ്രകാരം ഒരുദിവസം മുൻപേ വിതരണം ചെയ്‌തിട്ടില്ലെന്നു സഭാ നേതാവ് അരുൺ ജയ്‌റ്റ്‌ലി ക്രമപ്രശ്‌നമുന്നയിച്ചു. എന്നാൽ, പ്രമേയം അവതരിപ്പിക്കാൻ സഭാധ്യക്ഷൻ അനുമതി നൽകിയതാണെന്നും സെലക്ട് കമ്മിറ്റിയിലേക്കു ഭരണപക്ഷത്തു നിന്നുള്ള പ്രതിനിധികളെ സർക്കാരിനു നിർദേശിക്കാമെന്നു പ്രമേയത്തിൽ പറയുന്നുണ്ടെന്നും ആനന്ദ് ശർമ മറുപടി നൽകി. നിയമനിർമാണത്തിനു കോടതി നിർദേശിച്ചെന്ന ജയ്‌റ്റ്‌ലിയുടെ പരാമർശത്തിൽ പിഴവുണ്ടെന്നു മുത്തലാഖ് കേസിൽ മുസ്‌ലിം വ്യക്‌തി നിയമ ബോർഡിനുവേണ്ടി ഹാജരായ കപിൽ സിബലും വിശദീകരിച്ചു.