മോദിയുടെ ജനനം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു: പരിഹാസവുമായി ജിഗ്നേഷ് മേവാനി

0
199

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. 21-ാം നൂറ്റാണ്ടില്‍ ലോകം കണ്ട മികച്ച നടനാണ് മോദിയെന്നും ദലിതുകള്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന പിന്തുണ വ്യാജമാണെന്നും ജിഗ്‌നേഷ് പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജിഗ്നേഷിന്റെ പരിഹാസം.

‘ലോകത്താകെ പ്രശസ്തനാകുന്ന മികച്ച ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് അസാധാരണ പ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രഞ്ചുകാരന്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ട്വിറ്ററില്‍ ജിഗ്‌നേഷ് കുറിച്ചു. ദലിതുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ വിഡിയോകളടക്കമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച് മോദി ഹിമാലയത്തിലേക്ക് പോകണമെന്ന് ജിഗ്‌നേഷ് ആവശ്യപ്പെട്ടിരുന്നു.

വലതുപക്ഷ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്‌ബോധ് എന്നിവരുടെ നേതൃത്വത്തില്‍ പുണെയിലെ ദലിത് നേതാവിന്റെ സമാധി നേരത്തെ തകര്‍ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ വ്യാപകമായി ദലിത് പ്രക്ഷോഭങ്ങളും നടക്കുകയുണ്ടായി. ഭീമ കൊറിഗാവ് യുദ്ധ അനുസ്മരണ സംഭവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ ഇരു നേതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രകോപനപരമായി പ്രസംഗിച്ചെന്ന കുറ്റത്തിന് ജിഗ്‌നേഷിനെതിരെയും കേസെടുത്തിട്ടുണ്ട്‌.