രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ഹിന്ദു സംഘടനകൾ ശ്രമിക്കുന്നുവെന്ന് പ്രകാശ് അംബേദ്കർ

0
50

ന്യൂഡൽഹി: മഹാരാഷ്ട്ര കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളുമായി ദളിത് നേതാവും ഡോ.ബി.ആർ.അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കർ രംഗത്ത്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്ന് പറഞ്ഞ അദ്ദേഹം ചില ഹിന്ദു സംഘടനകൾ രാജ്യത്ത് കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി.

തിങ്കളാഴ്ച പുന്നെയ്ക്കടുത്ത് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരെ മറാഠാ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനിടെ 26കാരന്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്ന് ദളിത് വിഭാഗക്കാര്‍ ബുധനാഴ്ച ബന്ദ് നടത്തിയിരുന്നു.

കലാപത്തിലും അതേത്തുടർന്ന് നടന്ന ബന്ദിലുമെല്ലാം നടന്ന സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ പേരു വിവരങ്ങൾ നൽകാമെന്നും അവർക്കെതിരെ കേസെടുക്കാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ സാധിക്കുമോ എന്നും അദ്ദേഹം കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചു. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും പ്രകാശ് മുന്നറിയിപ്പ് നൽകി. സർക്കാരിന്‍റെ നിയന്ത്രണം പോലും ഏറ്റെടുക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു.

തീവ്ര ഹിന്ദുത്വവാദവുമായി രംഗത്തുള്ള ആർഎസ്എസാണ് രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം ലോക്സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.