വിവാദ ഭൂമി ഇടപാട്: സഭയ്ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

0
54

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഭൂമി ഇടപാട് നടന്നത് സഭാ നിയമങ്ങള്‍ പാലിക്കാതെയാണെന്നും ഇടപാടില്‍ 40 കോടി രൂപ നഷ്ടമുണ്ടായെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിന് ചുക്കാന്‍ പിടിച്ചത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നു. അതിനാല്‍ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ആറംഗ അന്വേഷണ കമ്മീഷനില്‍ മൂന്ന് വൈദികരും വക്കീല്‍, തഹസില്‍ദാര്‍, ചാട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവരുമാണുള്ളത്. ഈ മാസം 31-ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് വൈദിക സമിതി ചേരുന്നതിനാല്‍ റിപ്പോര്‍ട്ട് ഇന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തിന് വീഴച സംഭവിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തി. ഭൂമി ഇടപാടിനെക്കുറിച്ച് സഭയിലെ മറ്റ് സമിതിയില്‍ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഭൂമി വില്‍പനയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തിയുമായി സഭാ നേതൃത്വത്തിനുള്ള ബന്ധവും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെട്ടുന്നുണ്ട്. സഭയുടെ ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നും ഈ നിബന്ധനകള്‍ പാലിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് നടക്കുന്ന വൈദിക സമിതിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം വിശദീകരണം നല്‍കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. വൈദിക സമിതിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനു ശേഷം കൂടുതല്‍ നടപടി ആലോചിക്കും.