വിവാഹം കഴിക്കാനായി ഇന്ത്യയിലെത്തിയ ഒബാതയും നിനഗയും…

0
119

ഇന്ത്യന്‍ വിവാഹങ്ങള്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒത്തുചേരലാണ്. പ്രൗഢഗംഭീരമായ സദസ്സും, അതിലേറെ ആഢംബരം നിറഞ്ഞ വസ്ത്രങ്ങളും, ദിവസം മുഴുവന്‍ നീളുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഇന്ത്യന്‍ വിവാഹത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍ ഇത്തരം പാരമ്പര്യ രീതികള്‍ പിന്തുടരുന്ന വിവാഹങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ വിദേശത്ത് പോയി വിവാഹം കഴിക്കുമ്പോള്‍, വളരെ വ്യത്യസ്തമായി ഇന്ത്യയിലെത്തി തമിഴ് ആചാരപ്രകാരം വിവാഹം കഴിച്ചിരിക്കുകയാണ്‌ ജപ്പാനില്‍ നിന്നുള്ള ദമ്പതികള്‍.

ചിഹാരു ഒബാതാ, യുറ്റോ നിനഗ എന്നിവരാണ് ദക്ഷിണേന്ത്യന്‍ നഗരമായ മധുരയില്‍ എത്തി വിവാഹിതരായത്. തമിഴ് പരമ്പരാഗത വിവാഹചടങ്ങുകള്‍ പ്രകാരമാണ് വിവാഹം നടന്നത്.

വാഴയിലയിലെ ആഹാരം, പട്ട് സാരിയും മുണ്ടും, തമിഴില്‍ അച്ചടിച്ച വിവാഹക്ഷണക്കത്ത് തുടങ്ങി ഒരു തനത് തമിഴ് വിവാഹത്തിന്റെ എല്ലാ ചേരുവകളും ഇവരുടെ വിവാഹത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സ്വദേശികള്‍ വിദേശികളുമായി പ്രണയവിവാഹം നടത്തുന്നത് ഇന്ന് സാധാരണ സംഭവമാണ്. എന്നാല്‍ വിദേശികളായ രണ്ട് പേര്‍ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ആകൃഷ്ടരായി ഇന്ത്യയിലെത്തി വിവാഹം കഴിച്ചത് അപൂര്‍വമാണ്.

വധുവായ ചിഹാരു ഒബാത 2014 മുതല്‍ തമിഴ്‌നാട്ടില്‍ ഭാഷാശാസ്ത്രത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ താമസിക്കുന്ന ഒബാതയുടെ സുഹൃത്തും ഇന്ത്യക്കാരിയുമായ വിനോദിനി വഴിയാണ് ഒബാത ഹൈന്ദവ ആചാരപ്രകാരം തമിഴ്‌നാട്ടില്‍ വിവാഹം നടത്തിയത്.

തമിഴ് ലാഘവത്തോടെ കൈകാര്യം ചെയ്യാനറിയാവുന്ന ഒബാത ആഗ്രഹിച്ച രീതിയില്‍ വിവാഹം നടത്താന്‍ രണ്ട് കുടുംബങ്ങളും സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു. വിവാഹത്തിന് പങ്കെടുത്ത ഇവരുടെ കുടുംബാംഗങ്ങളും ഇന്ത്യന്‍ വേഷമാണ് അണിഞ്ഞിരുന്നത്.