ശില്പികളുടെ കരവിരുത് പൂര്‍ണത പ്രാപിച്ച മഹാക്ഷേത്രം

0
162

ഋഷിദാസ്‌

കര്‍ണാടകത്തില്‍ ഒരു സഹസ്രാബ്ദം മുന്‍പേ ഭരണം നടത്തിയിരുന്ന രാജവംശമാണ് ഹൊയ്‌സാല രാജവംശം. കര്‍ണാടകം ഒരു പക്ഷെ ഏറ്റവും ഔന്നത്യം പ്രാപിച്ചതും ഹൊയ്‌സാല രാജാക്കന്മാരുടെ കാലത്തു തന്നെയാകണം. വാസ്തുവിദ്യയുടെ സുവര്‍ണകാലമായിരുന്നു ഹൊയ്‌സാല കാലഘട്ടം. ഹൊയ്‌സാല വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഹൊയ്സാലേശ്വര ക്ഷേത്രവും ചെന്ന കേശവക്ഷേത്രവും.

ഹൊയ്‌സാല രാജാവ് നരസിംഹന്‍ മൂന്നാമന്റെ സേനാനായകനായിരുന്നു സോമനാഥന്‍. അദ്ദേഹമാണ് സോമനാഥപുരം എന്ന പട്ടണം സ്ഥാപിച്ചത്. പുതിയ പട്ടണത്തിന്റെ തിലകക്കുറിയായിട്ടാണ് നരസിംഹന്‍ മൂന്നാമന്‍ ചെന്ന കേശവ ക്ഷേത്രം പണികഴിപ്പിച്ചത്. ചെന്ന കേശവ ക്ഷേത്രത്തിനും ഒരു നൂറ്റാണ്ടുമുമ്പ് പണികഴിപ്പിച്ച ഹൊയ്സാലേശ്വര ക്ഷേത്രത്തെ വെല്ലുന്നതായിരുന്നു ചെന്ന കേശവ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും കൊത്തുപണികളും. ഹൊയ്‌സാല രാജാക്കന്മാര്‍ ആയിരത്തിലധിയകം ക്ഷേത്രങ്ങള്‍ തങ്ങളുടെ കാലത്ത് നിര്‍മിച്ചിരുന്നു. അവയില്‍ അഗ്രഗണ്യ സ്ഥാനത്തു വരുന്ന ഒരു ക്ഷേത്രമാണ് ചെന്ന കേശവ ക്ഷേത്രം. ഹൊയ്‌സാല വാസ്തുവിദ്യ പൂര്‍ണത പ്രാപിച്ചത് ചെന്ന കേശവ ക്ഷേത്രത്തിലൂടെയാണ് എന്നഭിപ്രായമുള്ള ധാരാളം ചരിത്രകാരന്മാര്‍ ഉണ്ട്.

സുന്ദരനായ കൃഷ്ണന്റെ ക്ഷേത്രമാണ് ചെന്ന കേശവ ക്ഷേത്രം. ഹൊയ്സാലേശ്വര ക്ഷേത്രത്തിലേതുപോലെ കടഞ്ഞെടുത്ത ശിലകളിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഈ ശിലകള്‍ കടയാന്‍ ഉപയോഗിച്ച രീതികള്‍ ഇന്നും അജ്ഞാതമാണ്. സോമനാഥപുരത്ത് ഈ ക്ഷേത്രനിര്‍മാണതിന് ഉപയോഗിച്ച ശിലകള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവ വളരെ അകലെ നിന്നും സോമനാഥപുരത്ത് എത്തിച്ചതാവാം എന്നാണ് കരകുതുന്നത്. ഈ ശിലകളുടെ കടത്തു തന്നെ അക്കാലത്തു ദുഷ്‌കരമായ സാങ്കേതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാം. ഖനനം ചെയ്‌തെടുക്കുമ്പോള്‍ താരതമ്യേന മൃദുവും എന്നാല്‍ അന്തരീക്ഷ വായുവിന്റെ പ്രവര്‍ത്തനത്തിലൂടെ നൂറ്റാണ്ടുകളിലൂടെ കഠിനവും ആയിത്തീരുന്ന സോപ്സ്റ്റോണ്‍ എന്ന കൃഷ്ണ വര്‍ണ്ണമുളള ശിലകളാണ് നിര്‍മ്മാണത്തിനുപയോഗിച്ചത്. ഇത്തരം ശിലകളുടെ ഖനനവും, കടത്തും, കൈകാര്യം ചെയ്യലും ഇന്നും അത്ഭുതമുളവാക്കുന്നവയാണ് .

മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമന്വയമാണ് ചെന്ന കേശവ ക്ഷേത്രം. വിവിധ ഭാവങ്ങളിലുള്ള വിഷ്ണു ഭഗവാന്റെ രൂപങ്ങളാണ് പ്രതിഷ്ഠ. കേശവ, ജനാര്‍ദന, വേണുഗോപാല എന്നിവയാണ് ഭഗവാന്റെ പ്രതിരൂപങ്ങള്‍. കേശവ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എണ്ണൂറു കൊല്ലത്തെ ചരിത്രത്തില്‍ ക്ഷേത്രം പലതവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട് എന്ന വിശ്വാസം. ഒരിക്കല്‍ ഭാഗീകമായി തകര്‍ക്കപ്പെട്ട ക്ഷേത്രത്തെ വിജയനഗര രാജാക്കന്മാര്‍ പുനഃസൃഷ്ടിച്ചസ്ഥായും കരുതപ്പെടുന്നു. ആ പുനഃസൃഷ്ടിയുടെ അടയാളങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.

ശൈവ, വൈഷ്ണവ സങ്കല്‍പ്പങ്ങളുടെ ഉദാത്തമായ സമന്വയമാണ് ചെന്ന കേശവ ക്ഷേത്രം. ക്ഷേത്രത്തിലെ പല മനോഹരശില്പങ്ങളും ആക്രമണകാരികളുടെ ആയുധങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പറയാം. പല കൊത്തുപണികളുടെയും മുഖം മാത്രം വികൃതമാക്കപ്പെട്ടിരിക്കുന്നു. ഈ വികൃതമാകലിനിടയിലും രാമായണത്തിലെയും, ഭാഗവതത്തിലെയും, മഹാഭാരതത്തിലെയും സംഭവങ്ങളെ സൂചിപ്പിക്കുന്ന വിശിഷ്ടമായ കൊത്തുപണികള്‍ ഇപ്പോഴും ക്ഷേത്ര മതിലുകളില്‍ കാലത്തെയും ആക്രമണകാരികളെയും വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കുന്നു.

ദക്ഷിണ, ഉത്തര ഇന്ത്യന്‍ വാസ്തു വിദ്യാ രീതികളുടെ സമന്വയമാണ് ചെന്ന കേശവ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത. മൂന്ന് ശ്രീകോവിലുകള്‍ക്ക് മുകളിലും ഉളളത് ഉത്തരഇന്ത്യന്‍ വാസ്തു വിദ്യാ ശൈലിയിലുള്ള ശിഖരങ്ങളാണ്. മൂന്ന് ശ്രീകോവിലുകള്‍ക്കും കൂടി ഒരു സഭാ മണ്ഡപമാണുളളത്. ഇതും ഈ മഹാക്ഷേത്രത്തിന്റെ പ്രതേകതയാണ്. കടഞ്ഞെടുത്ത കല്‍ത്തൂണുകളിലാണ് മണ്ഡപം നില്‍ക്കുന്നത്. മണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ പോലും അതി സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ ഉണ്ട്. നവ ഗ്രഹങ്ങളെ മണ്ഡപത്തില്‍ കുടിയിരുത്തിയിരിക്കുന്നു. മണ്ഡപമേല്കൂരയിലെ കൊത്തുപണികള്‍ കല്ലില്‍ തീര്‍ത്ത കൊത്തുപണികളില്‍ ഏറ്റവും സങ്കീര്‍ണമായവയാണെന്നു പറയാതെ തരമില്ല.

പലവുരു തകര്‍ക്കാന്‍ ശ്രമിച്ചിട്ടും തകരാതെ നിലനില്‍ക്കുന്ന ഭാരതത്തിന്റെ ഒരു പ്രതിരൂപം തന്നെയാണ് ചെന്ന കേശവ ക്ഷേത്രം