ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട: ഒന്നരക്കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്നുമായി 20 പേര്‍ അറസ്റ്റില്‍

0
48

ഷാര്‍ജ: ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒന്നരക്കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്നുമായി ഏഷ്യന്‍ വംശജര്‍ ഉള്‍പ്പടെ 20 അംഗ സംഘത്തെ പോലീസ് പിടികൂടി. ക്രിസ്റ്റല്‍ എന്ന മയക്കുമരുന്നാണ് ഷാര്‍ജ പോലീസിന്റെ ഡ്രഗസ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്.

വാടസ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.ഒരു മാസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സംഘത്തെ പിടികൂടാനായത്. ഷാര്‍ജയിലെ വിവിധ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ദ്യശ്യങ്ങളില്‍ സംശയാസ്പദമായവ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.

വിവിധ ഇടങ്ങളില്‍ നിന്നായി 19 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. ഒഴിഞ്ഞ ഒരിടത്ത് മയക്കുമരുന്ന് കുഴിച്ചിട്ട ശേഷം ഫോട്ടോയെടുത്ത് വാട്‌സ് ആപ്പില്‍ ഇട്ട് ആവശ്യക്കരെ അറിയിക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.