അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല; കയര്‍ തൊഴിലാളിയുടെ ക്ഷേമപെന്‍ഷന്‍ ബാങ്ക് പിടിച്ചെടുത്തു

0
54

ആലപ്പുഴ: കയര്‍ തൊഴിലാളിയുടെ ക്ഷേമപെന്‍ഷന്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയായി ബാങ്ക് പിടിച്ചെടുത്തു. ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവി എന്ന കയര്‍ തൊഴിലാളിക്കാണ് ഈ ദൂര്‍ഗതി. സര്‍ക്കാര്‍ ഹമീദ ബീവിക്കു നല്‍കിയത് 3300 രൂപയാണ്. എന്നാല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയായി 3050 രൂപ ബാങ്ക് പിടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് ഹമീദാബീവിയുടെ കൈയില്‍ കിട്ടിയത് 250 രൂപ മാത്രം.

ഹമീദ ബീവിയുടെ അനുഭവം ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ഇതുപോലെ എത്രപേര്‍ക്ക് പണം നഷ്ടമായെന്ന് അറിയില്ല. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം നല്‍കുന്നത്. പകുതിപ്പേര്‍ക്ക് സഹകരണബാങ്കുകളിലൂടെ പണം അവരുടെ വീട്ടിലെത്തിക്കുകയാണ്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു പുറമേ, ചെറിയ തുകകള്‍ സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവരെയും ഇത് ബാധിച്ചുതുടങ്ങിയതായി പരാതിയുണ്ടെന്നും ധനമന്ത്രി പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കാനാണ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം (ഡി.ബി.ടി) നടപ്പാക്കിയത്. ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുകയാണ് ഈ രീതി. മിനിമം ബാലന്‍സില്ലാത്തതിന് പിഴയീടാക്കുന്നതോടെ ഡി.ബി.ടിയുടെ പ്രസക്തിതന്നെ ഇല്ലാതാവുകയാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ബാങ്ക് പണം പിടിച്ചാലും പലരും അറിയില്ല. സര്‍ക്കാര്‍ പണം നല്‍കിയില്ലെന്നാവും ഇവര്‍ കരുതുകയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കഴിഞ്ഞതവണ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ ഈ പ്രശ്നം ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതരുടെ യോഗം വിളിച്ചിരുന്നു. ഇത്തരം അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയീടാക്കില്ലെന്ന് അന്ന് ബാങ്കുകള്‍ ഉറപ്പുനല്‍കിയതായും ധനമന്ത്രി പറഞ്ഞു. ഇത് ജനദ്രോഹമാണെന്നും ബാങ്കുകള്‍ ഈടാക്കിയ പിഴ ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് കത്തുനല്‍കുമെന്നും മനുഷ്യത്വരഹിതമായ നടപടി തുടരുന്ന ബാങ്കുകളെ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.