ആധാര്‍ ബന്ധിപ്പിക്കലിനെ പരിഹസിച്ച് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ

0
59

ന്യൂഡല്‍ഹി: ആധാറിനെ പരിഹസിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസ് ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യ. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ആധാര്‍ ബന്ധിപ്പിക്കലിനെ നെറ്റ്ഫ്ളിക്സ് കളിയാക്കുന്നത്. നെറ്റ്ഫ്ളിക്സിലെ ബ്ലാക്ക് മിറര്‍ എന്ന പരിപാടിയുടെ നാലാമത് സീസണിന്റെ ‘ഹാങ് ദി ഡിജെ’ എപ്പിസോഡിലെ ഒരു രംഗമാണ് നെറ്റ് ഫ്ലിക്സ് പോസ്റ്റ് ചെയ്തത്.

കഥാപാത്രം ആമിയുമായുള്ള(പ്രണയിനി) തന്റെ ബന്ധത്തിന്റെ ദൈര്‍ഘ്യം എത്രയെന്ന് ഉപകരണത്തോട് ചോദിക്കുമ്പോള്‍ കൂടുതല്‍ അറിയണമെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യുക എന്ന നിര്‍ദ്ദേശമാണ് കാണിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്വിറ്റര്‍ ഏറ്റെടുക്കുകയും ചെയ്തു. ഭാവിയില്‍ വരാനിരിക്കുന്ന സാങ്കേതിക വിദ്യകള്‍ എങ്ങനെ ആയിരിക്കും ജനജീവിതത്തിന്റെ ഭാഗമാവുക എന്നത് ആക്ഷേപ ഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ബ്ലാക്ക് മിറര്‍.

നാലാമത്തെ സീസണാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്ലാക്ക് മിററിന്റെ ആധാര്‍ പതിപ്പ് വേണമെന്ന് ആവശ്യവും ബ്ലാക്ക് മിറര്‍ ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു.