ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര;ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു

0
45

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ടെസ്റ്റിലെ ഒന്നും രണ്ടും റാങ്കുകാരാണ് നേര്‍ക്കുനേര്‍ വരുന്നത്. പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

ശിഖര്‍ ധവാനും മുരളി വിജയിയുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. അതേസമയം വൈറല്‍ പനി ബാധിച്ച രവീന്ദ്ര ജഡേജ കളിക്കില്ല. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും സ്പിന്നറായി അശ്വിനും ടീമിലുണ്ട്. ബുംറയെക്കൂടാതെ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയുമാണ് ടീമിലെ പേസ് ബൗളര്‍മാര്‍.

അതേസമയം ദക്ഷിണാഫ്രിക്ക നാല് പേസ് ബൗളര്‍മാരെയാണ് അണിനിരത്തുന്നത്. ഡെയ്ല്‍ സ്റ്റെയ്ന്‍ ആകും ഇന്ത്യക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ വിദേശത്തും വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയും ഇതുവരെ നേടാനായിട്ടില്ല. അത് മാറ്റിയെഴുതുകയാകും ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ള പ്രധാന കടമ്പ.

എന്നാല്‍ ബാറ്റ്സ്മാന്മാരില്‍ ഇരുനിരയിലും പ്രതീക്ഷവെയ്ക്കാവുന്നര്‍ ഏറെയാണ്. നായകന്‍ വിരാട് കൊഹ്ലി, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍ തുടങ്ങി വലിയ നിരയാണ് ഇന്ത്യക്കുള്ളത്. ഫാഫ് ഡ്യൂപ്ലസിസ് നയിക്കുന്ന ടീമില്‍ എബി ഡിവില്യേഴ്സ്, ഹാഷിം ആംല തുടങ്ങിയവരും ഉണ്ട്. പ്രിട്ടോറിയ, ജൊഹാനാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍. ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി-20കളും ഇരുടീമുകളും കളിക്കുന്നുണ്ട്.