ഉത്തരകൊറിയന്‍ മിസൈല്‍ സ്വന്തം നഗരത്തില്‍ നാശം വിതച്ചതായി റിപ്പോര്‍ട്ട്‌

0
68

ലണ്ടന്‍: മിസൈല്‍ പരീക്ഷണങ്ങളിലൂടെ ലോക സമാധാനത്തിന് തന്നെ തുടര്‍ച്ചയായി വലിയ വെല്ലുവിളി സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഉത്തര കൊറിയയ്ക്ക് കനത്ത തിരിച്ചടി. ഉത്തര കൊറിയയെ അവരുടെ തന്നെ മിസൈലുകളിലൊന്ന് ‘ചതിച്ച’തായാണ് റിപ്പോര്‍ട്ട്. പതിവായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയ 2017 ല്‍ തന്നെയായിരുന്നു സംഭവം. ഉത്തരകൊറിയയിലെ ടോക്‌ചോണ്‍ നഗരത്തെ മിസൈല്‍ ഭാഗികമായി തകര്‍ത്തെന്നാണ് സൂചന.

2017 ഏപ്രില്‍ 28 ന് ഹ്വാസോങ്-12 എന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അപകടത്തിന് കാരണമായത്. രണ്ടു ലക്ഷത്തിലേറെ താമസക്കാരുള്ള ടോക്‌ചോണ്‍ നഗരത്തിലാണ് വിക്ഷേപിച്ച് ഒരു മിനിറ്റിനുള്ളില്‍ മിസൈല്‍ തകര്‍ന്നുവീണത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍നിന്ന് 90 മൈല്‍ അകലെയാണ് ടോക്‌ചോണ്‍.

ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അപകടവിവരം പുറത്തായത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകള്‍ തകര്‍ന്നുവീണാല്‍ വന്‍ സ്‌ഫോടനം ഉണ്ടാവും. മിസൈല്‍ പരീക്ഷണത്തിനു ശേഷം നഗരത്തില്‍ മുമ്പ് ഉണ്ടായിരുന്ന ചില ബഹുനില കെട്ടിടങ്ങള്‍ അപ്രത്യക്ഷമായതോടെയാണ് അപകടം നടന്നതായി സംശയം വന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍ പഴയ കെട്ടിടങ്ങള്‍ ഇല്ലാതിരുന്നതാണ് സംശയം മൂര്‍ച്ഛിക്കാന്‍ കാരണമായത്. എന്നാല്‍, അപകടത്തിന്റെ തീവ്രതയെയും ആളപായത്തെയും പറ്റി വിവരമൊന്നുമില്ല.

പുക്ചാങ് വിക്ഷേപണ കേന്ദ്രത്തില്‍നിന്നു കുതിച്ചുയര്‍ന്ന മിസൈല്‍ വടക്കു കിഴക്ക് ദിശയില്‍ ഏതാണ്ട് 24 മൈലോളം പറന്ന ശേഷമാണ് തകര്‍ന്നതെന്നാണ് വിവരം. പറന്നുയര്‍ന്ന് ഒരു മിനിറ്റിനിടെ സംഭവിച്ച യന്ത്രത്തകരാറാണ് അപകടകാരണമെന്നും യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ് ഉത്തരകൊറിയയുടെ പതിവ്. അതേസമയം, ഇങ്ങനെയൊരു അപകടം നടന്നിട്ടുണ്ടോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുക സാധ്യമല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണത്തിനിടെ മിസൈല്‍ തകര്‍ന്നുവീഴുന്നത് മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്തായാലുള്ള ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെ ജപ്പാനു മുകളിലൂടെ പറന്ന ഉത്തരകൊറിയയുടെ മിസൈലുകള്‍ ഈ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നു.