എ.കെ.ആന്റണിയുടെ ഡ്രൈവറെ ഡല്‍ഹിയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

0
77
high contrast image of a hangman's noose

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ സ്വദേശിയായ സഞ്ജയ് സിങ്ങിനെയാണ് (35) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിയില്‍ എ.കെ.ആന്റണിയുടെ ഡ്രൈവറാണ് ഇയാള്‍.

ഡല്‍ഹി ജന്തര്‍ മന്ദര്‍ റോഡിലുള്ള ആന്റണിയുടെ വസതിയോടു ചേര്‍ന്നുള്ള സര്‍വീസ് ക്വാര്‍ട്ടേഴ്‌സിലാണ് സഞ്ജയ് സിങ് ജീവനൊടുക്കിയത്. പതിവ് സമയമായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ ജോലിക്കാര്‍ ആദ്യം വാതിലില്‍ മുട്ടി നോക്കുകയും തുടര്‍ന്ന് ഫോണില്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് സഞ്ജയ് സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ് മോര്‍ത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഉത്തര്‍പ്രദേശിലുള്ള സഞ്ജയ് സിങ്ങിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിനു സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.