കവിതയെന്ന പേരില്‍ കൊട്ടിഘോഷിക്കുന്നതെല്ലാം വെറും ഉത്പന്നങ്ങള്‍ മാത്രം: ജോര്‍ജ് ഓണക്കൂര്‍

0
112


എം.മനോജ് കുമാര്‍

തിരുവനന്തപുരം: കവിതയെ അപേക്ഷിച്ച് കഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ 24 കേരളയോട് പ്രതികരിച്ചു. ജീവിതത്തെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ച് അനുഭൂതിയുടെ വിഭിന്ന തലങ്ങള്‍ നല്‍കി കഥ മുന്നോട്ട് കുതിക്കുകയാണെന്ന എന്‍.പ്രഭാകരന്‍ 24 കേരളയോട് പങ്കുവെച്ച വീക്ഷണത്തോട് യോജിച്ച് കൊണ്ടാണ് ജോര്‍ജ് ഓണക്കൂര്‍ പ്രതികരിച്ചത്.

ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കവികള്‍ക്ക് സാധിക്കുന്നില്ല. ജീവിതത്തെ ആഴത്തിലും പരപ്പിലും കാണാന്‍ സാധിക്കുന്നവയാണ് പുതിയ കഥകള്‍. സൂക്ഷ്മമായും വൈകാരികതലത്തിലും ജീവിതത്തെ വീക്ഷിക്കാനുള്ള സര്‍ഗാത്മകത നവ കഥാകൃത്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഓണക്കൂര്‍ പറഞ്ഞു.

കവിത സൂക്ഷ്മതയാണ്. ഇങ്ങിനെ സൂക്ഷ്മതയില്‍ ജീവിതത്തെ കാണാനുള്ള മനസ് കവികളില്‍ പലര്‍ക്കും ദൃശ്യമല്ല. കവിത പുതിയ ഭാഷ സൃഷ്ടിക്കണം. ഓരോ കവിയും ഭിന്നമായ ഭാഷ സൂക്ഷിക്കാറുണ്ട്. ഭാഷയിലെ പദങ്ങള്‍ നിരത്തിവെച്ചാല്‍ കവിതയാകില്ല. ഭാഷയുടെ ഭാവാത്മകതയിലേക്ക് ഇറങ്ങി വരാന്‍ കവികള്‍ വിമുഖരാകുന്നു. അല്ലെങ്കില്‍ അത്രയും മികവ് കവികള്‍ പുലര്‍ത്തുന്നില്ല എന്ന് കരുതേണ്ടി വരുന്നു. മലയാളത്തിന് എവിടെയോക്കെയോ സര്‍ഗാത്മക ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ട്. കവിയാണ് എന്ന തലക്കനത്തോടെ പലര്‍ക്കും മുന്നോട്ട് പോകാം. പക്ഷെ കാമ്പില്ലെങ്കില്‍ കവിതകള്‍ നിലനില്‍ക്കില്ല-ഓണക്കൂര്‍ പറഞ്ഞു.

പഴയ കവികള്‍ രംഗത്തില്ല.  പുതുതലമുറയ്ക്ക് കടന്നുവരാനും കഴിഞ്ഞിട്ടില്ല. എല്ലാവരും അവരവരെ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ കഥയുടെ കാര്യം അങ്ങിനെയല്ല. കഥാകൃത്തുക്കള്‍ ഉയര്‍ന്നു വരുന്നുണ്ട്. കവിതയില്‍ അതിനുള്ള കലാവിദ്യ എവിടെയോ നഷ്ടമായിരിക്കുന്നു. വീണ്ടെടുപ്പിന് മലയാള കവിത സജ്ജമല്ലേ എന്ന ചോദ്യത്തിന് കാലത്തോട് ചോദിക്കുക എന്ന് മാത്രമെ പറയാന്‍ കഴിയൂ. കാലം അതിന് മറുപടി നല്‍കട്ടെ.

ഇപ്പോള്‍ വരുന്നത് കവിതയല്ല. കവിതയുടെ പേരില്‍ വരുന്ന ഉത്പന്നങ്ങള്‍ മാത്രമാണ്. കവിതയുടെ പേരില്‍ ഇപ്പോള്‍ കൊട്ടിഘോഷിക്കുന്നതെല്ലാം ഉത്പന്നങ്ങളാണ്. കവിത അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ് – ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

Related Links

കഥാസാഹിത്യരംഗത്ത് പുത്തന്‍ പ്രവണതകള്‍ ദൃശ്യം; ചെറുകഥയുടെ ഭാവി ശോഭനം: എന്‍.പ്രഭാകരന്‍