കുരിശുമല യാത്ര തടഞ്ഞു; വിതുരയിലും സംഘര്‍ഷം

0
47


തിരുവനന്തപുരം: നെയ്യാറ്റിന്‍ രൂപയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയില്‍ തീര്‍ത്ഥാടനം അനുവദിക്കാത്തതിനെ തുടര്‍ന്ന് വിശ്വാസികള്‍ വിതുരയില്‍ റോഡ് ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. റോഡ് ഉപരോധിച്ചിരുന്ന വിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ കാണിത്തടം ചെക്പോസ്റ്റിന് മുന്നില്‍ വിശ്വാസികളും പൊലീസും തമ്മില്‍ സഘര്‍ഷമുണ്ടായിരുന്നു. വിശ്വാസികളുടെ ബോണക്കാട് തീര്‍ത്ഥാടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വൈദികര്‍ക്ക് അടക്കം സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. മൂന്നു വൈദികരുള്‍പ്പെടെ ഒന്‍പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയില്‍ കുറച്ചുപേരെ കുരിശുമലയിലേക്ക് പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും വിശ്വാസികള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധം ചെക്ക് പോസ്റ്റിന് മുന്നില്‍ നിന്ന് വിതുരയിലേക്ക് മാറ്റുകയായിരുന്നു.

പ്രതിഷേധക്കാരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് വിതുര ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലെറിയുകയും കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകരുകയും ചെയ്തു. വിതുരയില്‍ ഉപരോധം നടക്കുന്ന പ്രദേശത്തേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ബോണക്കാട് കുരിശുമലയിലെ വനഭൂമിയില്‍ അറുപത് വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതേത്തുടര്‍ന്ന് ഇങ്ങോട്ടുള്ള സന്ദര്‍ശനം വനം വകുപ്പ് വിലക്കിയിരുന്നു. വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ കുരിശുമലയാത്ര നടത്താറുണ്ട്.

അതിനിടെ ബോണക്കാട് സംഘര്‍ഷത്തില്‍ സമവായശ്രമവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ബോണക്കാടെത്തിയ അദ്ദേഹം വനം മന്ത്രിയുമായും സഭാ നേതൃത്വവുമായും സംസാരിച്ചു. 50 പേരെ വീതം കുരിശുമലയിലേക്ക് കടത്തിവിടാമെന്ന് വനംമന്ത്രി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.