കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ലന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല :ചെന്നിത്തല

0
57

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലന്ന ധനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട്. രോഗ പീഡകളാലും കുടംബ പ്രശ്നങ്ങളാലും നട്ടം തിരിയുന്നപെന്‍ഷന്‍കാരില്‍പലരും ആത്മഹത്യയുടെ വക്കിലാണ്.

ഏറെപ്പേരും വയോവൃദ്ധരും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടവരുമാണ്. മറ്റു വരുമാനമില്ലാതെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. മരുന്ന് വാങ്ങാനുള്ള കാശ് പോലുമില്ലാതെ വിഷമിക്കുകയാണവര്‍. ഇതൊരു മാനുഷിക പ്രശ്‌നമായി എടുത്ത് സ്ഥായിയായ ഒരു പരിഹാരം കണ്ടെത്തുന്നതിന് പകരം അവരെ കയ്യൊഴിയുന്ന ധനമന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.