നായയെ കൊന്ന മകനെതിരെ അച്ഛന്റെ പരാതി; മകന്‍ അറസ്റ്റിലായി

0
47

റായ്പൂര്‍: വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല്‍ സായ് എന്നയാളാണ് മകന്‍ സന്താരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നിര്‍ദേശം അനുസരിക്കാത്തതിനാണ് ജബ്ബു എന്ന വളര്‍ത്തു നായയെ സന്താരി കൊലപ്പെടുത്തിയത്.

ജബ്ബുസായിയുടെ ഓമനയായിരുന്നെങ്കിലും മക്കള്‍ക്ക് അതിനോട് താത്പര്യമില്ലായിരുന്നു. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കിടന്ന പന്ത് എടുത്തുവരാന്‍ സന്താരി നായയോട് നിര്‍ദേശിച്ചു. എന്നാല്‍ നായ അത് അനുസരിച്ചില്ല. ഇതേത്തുടര്‍ന്ന് കോപാകുലനായ സന്താരി അതിനെ കൈയില്‍ കിട്ടിയ കത്തി കൊണ്ട് കൊല്ലുകയായിരുന്നു. ഈ സമയം സായി വീട്ടിലില്ലായിരുന്നു.

സായി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കണ്ടത് തന്റെ ഓമനയായ നായ ചത്തു കിടക്കുന്നതാണ്. തുടര്‍ന്ന് സൈക്കിളില്‍ ചത്ത നായയുമായി കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ അയാള്‍ മകനെതിരെ പരാതി കൊടുക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 429-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സന്താരിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ തന്റെ അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് താന്‍ നായയെ കൊന്നതെന്ന് സന്താരി പൊലീസിനോട് പറഞ്ഞു. മകന്റെ അറസ്റ്റിന് ശേഷം നാനയുടെ ജഡം വീടിന് പിന്നിലായി സായി മറവ് ചെയ്തു.