നിക്ഷേപകരെ കൊള്ളയടിക്കുന്ന എഫ്ആര്‍ഡിഐ ബില്ലിനെതിരെ ആശങ്കകള്‍ ശക്തം; ജനവിരുദ്ധ ബില്ലിനെതിരെ കച്ചമുറുക്കി പ്രതിപക്ഷം

0
54

എം.മനോജ്‌ കുമാര്‍ 

ന്യൂഡല്‍ഹി: മുത്തലാഖ് വിരുദ്ധ ബില്ലിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനുള്ള തിരിച്ചടിയായി നിര്‍ദ്ദിഷ്ട ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്റ് ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ബില്‍ മാറുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത് ആശങ്കകള്‍ പരക്കുന്നതിനിടയിലാണ്‌ ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്റ് ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ബില്ലും ഈ ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നിര്‍ദ്ദിഷ്ട ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്റ് ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ബില്ലിനെക്കുറിച്ച് രാജ്യത്ത് ആശങ്ക ശക്തമാണ്. പൊതുമേഖലാ ബാങ്കുകളില്‍ രാജ്യത്തെ ജനങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ച നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന് പരോക്ഷമായി കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ലിലൂടെ ജനങ്ങളെ അറിയിക്കുകയാണ്.

എഫ്ആര്‍ഡിഐ ബില്‍  നിയമമായാല്‍ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപം മാത്രമേ തിരിച്ചു കിട്ടൂ. ജനങ്ങളെ സംബന്ധിച്ച് വളരെ ആശങ്കാകുലമായ അന്തരീക്ഷമാണ് ബില്‍ രാജ്യത്ത് സൃഷ്ടിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ സുരക്ഷിതമല്ല എന്ന് മനസിലായാല്‍ വന്‍ തോതില്‍ നിക്ഷേപം സ്വകാര്യ ബാങ്കുകളിലേക്ക് മാറും.

പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ശ്രമമായാണ് രാജ്യത്തെ ജനങ്ങള്‍ ബില്ലിനെ കാണുന്നത്. ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണ്. ബാങ്ക് പൊളിഞ്ഞാല്‍ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതാണ് നിലവിലെ നിയമം. ഈ നിയമം പൊളിച്ച് എഴുതുകയാണ് ഈ ബില്‍.

ബില്ല് പാസായാല്‍ ഏതെങ്കിലും ഒരു ബാങ്ക് പൊളിഞ്ഞാല്‍ മറ്റ് ബാങ്കുകളിലെ നിക്ഷേപകരുടെ നിക്ഷേപം കൂടി പോകുന്ന അവസ്ഥ വരും. പൊട്ടിയ ബാങ്കിലെ നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മറ്റു ബാങ്കുകളിലെ നിക്ഷേപം എടുക്കാം. ഇത് ബില്ലിനെചൊല്ലിയുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

10 ലക്ഷം കോടിയോളം രൂപ വന്‍കിട കോര്‍പ്പറേറ്റുകള്‍ കിട്ടാക്കടം വരുത്തിയിരിക്കെയാണ് അത് തിരിച്ചു പിടിക്കാന്‍ ശ്രമിക്കാതെ ഈ നഷ്ടം ജനങ്ങളില്‍ നിന്നീടാക്കാന്‍ മോദി സര്‍ക്കാര്‍ എഫ്ആര്‍ഡിഐ ബില്‍ കൊണ്ടുവരുന്നത്. വിജയ്‌ മല്യ തന്നെ വലിയ ഉദാഹരണമായി ഈ കാര്യത്തില്‍ രാജ്യത്തിന്‌ മുന്‍പാകെയുണ്ട്.

ബാങ്കുകള്‍ വരുത്തുന്ന പിഴയ്ക്ക് ബാങ്കിലെ സാധാരണ ജനങ്ങളുടെ പണം കൊള്ളയടിച്ച് പരിഹാരം കാണാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് എഫ്ആര്‍ഡിഐ ബില്‍ എന്നതാണ് രാജ്യത്തെ ആശങ്കയ്ക്ക് കാരണം. ഈ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ബില്ലിന്റെ പേരില്‍ രാജ്യമാകെ പരന്ന ആശങ്ക മുതലെടുത്ത്‌ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിത്തുടങ്ങിയതോടെ ലോക്സഭയിലെ ഭരണപക്ഷ ബെഞ്ചുകളിലും ആശങ്കകള്‍ പരന്നിട്ടുണ്ട് . ബില്ലിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ ജെഡിയു നേതാവായ ശരദ് യാദവ് ജനുവരി പത്തിന്‌ ഡല്‍ഹിയില്‍ ഒരു യോഗം വിളിച്ചു കൂട്ടുന്നുണ്ട്.

മുത്തലാഖ് വിരുദ്ധ ബില്ലിനു രാജ്യസഭയിലേറ്റ തിരിച്ചടി എഫ്ആര്‍ഡിഐയ്ക്കും വരുമെന്നാണ് പാര്‍ലമെന്റിലെ ഭരണപക്ഷ ബെഞ്ചുകള്‍ മുന്‍കൂട്ടി കാണുന്നത്.

ഒരു ദേശസാല്‍കൃത ബാങ്ക് തകര്‍ന്നാല്‍ ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപമുണ്ടെങ്കിലും നിങ്ങള്‍ക്ക് ലഭിക്കുക ഒരു ലക്ഷം രൂപയാകും. അതായത് ബാങ്കുകള്‍ വരുത്തുന്ന പിഴവുകള്‍ക്ക് ജനങ്ങളെ പിഴിഞ്ഞ് പരിഹാരം കാണുക. ഇതിലൂടെ ഒരു സന്ദേശം കൂടി കേന്ദ്രസര്‍ക്കാര്‍ നല്‍കുകയാണ്. ഒരു ദേശസാല്‍കൃത ബാങ്കും സുരക്ഷിതമല്ല.

ദേശസാല്‍കൃത ബാങ്കും സ്വകാര്യ ബാങ്കുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സാധാരണ ഗതിയില്‍ ദേശസാല്‍കൃത ബാങ്ക് തകര്‍ന്നാല്‍ ഗ്യാരണ്ടി കേന്ദ്ര സര്‍ക്കാര്‍ ആണ്. തകര്‍ന്ന ബാങ്കിലെ പണം തിരിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

ബില്‍ വന്നാല്‍ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് ആര്‍ക്കും ഉത്തരവാദിത്തം ഇല്ലാത്ത അവസ്ഥ വരും. നിക്ഷേപകരുടെ പണം നഷ്ടപ്പെടും. ബാങ്കിംഗ് മേഖലയില്‍ അരാജകത്വം പിടിമുറുക്കും. ബാങ്കിംഗ് പിഴവുകള്‍ കാരണം ബാങ്ക് പൊളിഞ്ഞാല്‍ ബാങ്ക് അധികൃതര്‍ക്ക് കൈകഴുകാം. കോടികള്‍ നിക്ഷേപമുള്ള ബാങ്കുകള്‍ തകര്‍ക്കാനുള്ള ത്വരയും വര്‍ധിക്കും. ഇങ്ങിനെ ഒട്ടുവളരെ പ്രശ്നങ്ങള്‍ ബില്ലിനെ ചൂഴ്ന്നുനില്‍ക്കുന്നു.