ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരേ ‘യുവ അഹങ്കാര്‍’ റാലി സംഘടിപ്പിക്കും: ജിഗ്നേഷ് മേവാനി

0
48

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനേയും ശക്തമായി വിമര്‍ശിച്ച് ജിഗ്‌നേഷ് മേവാനി. മുംബൈയില്‍ റാലി സംഘടിപ്പിക്കുന്നത് തടഞ്ഞും സാമുദായിക അന്തരീക്ഷം തകര്‍ക്കുന്നുവെന്ന പേരില്‍ തനിക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനും പിന്നാലെ ജിഗ്‌നേഷ് മേവാനി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്.

പൂനെയിലെ ഭീമ കൊറിഗാവില്‍ ദളിതര്‍ക്കു നേരെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് മോവാനി ആവശ്യപ്പെട്ടു. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ‘യുവ അഹങ്കാര്‍’ (youth pride) റാലി സംഘടിപ്പിക്കുമെന്നും മേവാനി പറഞ്ഞു. റാലിയില്‍ എല്ലാവരും മനുസ്മൃതിയും ഭരണഘടനയും കൈയിലേന്തും. തുടര്‍ന്ന് മോദിയോട് താങ്കള്‍ ഇതില്‍ ഏതാണ് അംഗീകരിക്കുന്നതെന്ന് ചോദിക്കുമെന്നും മേവാനി പറഞ്ഞു. ഊനയിലും ഉത്തര്‍പ്രദേശിലും ഇപ്പോള്‍ പൂനെയിലും ദളിതര്‍ക്കു നേരെ ആക്രമണങ്ങള്‍ നടന്നു. രാജ്യത്ത് ദളിതര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്ന് മേവാനി ആരോപിച്ചു. ഇവിടെ പ്രതികരിക്കാന്‍ പോലും ദളിതര്‍ക്ക് അവകാശമില്ല. ഞങ്ങള്‍ക്ക് ആവശ്യം ജാതിരഹിതമായ ഇന്ത്യയാണെന്നും മേവാനി പറഞ്ഞു.

തനിക്കെതിരേ കേസ് എടുത്ത നടപടിയേയും മേവാനി തള്ളിക്കളഞ്ഞു. ഞാനൊരു വക്കീല്‍ ആണ്. എന്തു പറയരുത് എന്തു പറയണം എന്ന് എനിക്ക് അറിയാം. എന്റെ സംസാരത്തില്‍ ഒരു വാക്കുപോലും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ അല്ല. ഒരു നിയമസഭ അംഗത്തിനു പോലും പ്രതികരിക്കാന്‍ കഴിയില്ലെന്ന സാഹചര്യമാണ് വന്നിരിക്കുന്നതെന്നും ബിജെപി എന്നെ ഭയക്കുകയാണെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അവരെന്നെ ലക്ഷ്യം വച്ചിരിക്കുന്നു.

വ്യാഴാഴ്ചയാണ് ജിഗ്‌നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനും എതിരേ പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീമ കൊറിഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികദിനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. ദളിതരോട് തെരുവ് യുദ്ധത്തിന് മേവാനി ആഹ്വാനം ചെയ്തെന്നാണ് ആക്ഷേപം. പ്രതികാരത്തിന്റെ സമയം ഇതാണ് എന്ന് വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നാണ് ഉമര്‍ ഖാലിദിന് എതിരേയുള്ള ആക്ഷേപം.