ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

0
62


കൊച്ചി:ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനു തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പാണ് നീക്കം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി പിന്‍വലിച്ചതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വീണ്ടും ത്രിശങ്കുവിലായി. വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണ വേളയില്‍ കേസു തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്തിരുന്ന നിലപാട്.
കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിരുന്നത്. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് മന്ത്രിക്കെതിരായ പരാതി.
ലേക് പാലസ് റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിക്കാന്‍ വയല്‍ നികത്തിയെന്ന കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുന്‍ കലക്ടര്‍ക്കും മുന്‍ സബ് കലക്ടര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിലും നിലപാടെടുത്തു. ഇതോടെ എന്‍സിപിയിലെ രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിസഭായിലേക്കുള്ള തിരിച്ചുവരവ് ഏറെ പ്രയാസമായി.