മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റേത് പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ശ്രമം; മില്‍മയ്ക്കെതിരെ ശക്തമായ ലോബി: കല്ലട രമേശ്‌

0
87

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റേത് പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ശ്രമമാണെന്ന് മില്‍മാ ചെയര്‍മാന്‍ കല്ലട രമേശ്‌ 24 കേരളയോടു പറഞ്ഞു.

ഗാന്ധിജി ഒരാളുടെ സ്വത്തല്ല. രാഷ്ട്രത്തിന്റെ സ്വത്താണ്. ഫഹദ് ഫാസില്‍ അഭിനയിച്ച മില്‍മയുടെ ‘പാല്‍ കസ്റ്റഡിയില്‍’ എന്ന പരസ്യ ചിത്രവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ അയച്ച നോട്ടീസ് ലഭിച്ചോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മില്‍മ ചെയര്‍മാന്‍ കല്ലട രമേശ്‌.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റേത് എന്നല്ല ഒരു നോട്ടീസും ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാല്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനെതിരെ നിയമനടപടി സ്വീകരിക്കും.

മില്‍മയെക്കെതിരെ സ്വകാര്യ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മില്‍മയ്ക്കെതിരെ വ്യാജ പ്രചാരണം നടന്നു. ഒരാള്‍ അറസ്റ്റിലായി. ആലപ്പുഴ ജില്ലയിലെ ഒരാളാണ് അറസ്റ്റിലായത്.

നാടന്‍ പാല്‍ എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലോബിയ്ക്ക് വേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍ എല്ലാം. അറസ്റ്റിലായ ആള്‍ ചെറുനാരങ്ങ നീര് ഉപയോഗിച്ച് പാല്‍ തിളപ്പിക്കുകയാണ് ചെയ്തത്. ഒരു ആംബുലന്‍സ് ഡ്രൈവര്‍ ആണ് അറസ്റ്റിലായത്. ഇങ്ങിനെ മില്‍മയ്ക്കെതിരായ വ്യജപ്രചാരണങ്ങള്‍ വ്യാപകമാണ്.

മഹാത്മാഗാന്ധിയുടെ ഫോട്ടോയുടെ പ്രശ്നത്തിലേക്ക് വരാം. ഇന്ത്യയുടെ സ്വത്ത് ആണ് ഗാന്ധിജി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ള സ്ഥാപനമാണ്‌ മില്‍മ. ഗാന്ധിജിയുടെ ഫോട്ടോ ഉപയോഗിക്കാന്‍ പാടില്ലാ എന്ന് പറയേണ്ട അധികാരമുള്ളത് കേന്ദ്ര സര്‍ക്കാര്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ അങ്ങിനെ അറിയിച്ചിട്ടില്ല.

പരസ്യ ചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കണമെന്നു തോന്നിയിരുന്നെങ്കില്‍ പരസ്യം സെന്‍സര്‍ ചെയ്ത സെന്‍സര്‍ ബോര്‍ഡ്‌ മില്‍മയ്ക്ക് നിര്‍ദ്ദേശം നല്‍കുമായിരുന്നു. അങ്ങിനെ ഒരു നിര്‍ദ്ദേശവും സെന്‍സര്‍ ബോര്‍ഡും നല്‍കിയിട്ടില്ല. എല്ലാ പൊലീസ് സ്റ്റേഷനിലും മഹാത്മാഗാന്ധിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സിനിമയില്‍ പൊലീസ് സ്റ്റേഷന്‍ കാണിക്കുന്നത് മഹാത്മാഗാന്ധിയുടെ ഫോട്ടോ കൂടി നല്‍കിയിട്ടാണ്. അതുപോലെയുള്ള ഒരു സീന്‍ ആണിത്. മഹാത്മാഗാന്ധിയെ പരസ്യചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ഇത് രണ്ടും രണ്ടാണ്. പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മില്‍മയുടെ കൈവശമുണ്ട്.

ഫഹദ് ഫാസില്‍ അഭിനയിച്ച പരസ്യം വന്‍ വിജയമാണ്. അതുകൊണ്ടാണ് പരസ്യത്തിന്നെതിരെ വിമര്‍ശനം ഉയരുന്നത്-കല്ലട രമേശ്‌ പറയുന്നു. മില്‍മയുടെ പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി കഴിഞ്ഞ ദിവസം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് വെളിപ്പെടുത്തിയിരുന്നു.