മുത്തലാഖ് ബില്‍ പാസാക്കാനാകാതെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

0
52
Parliament house in New Delhi on July 24th 2015. Express photo by Ravi Kanojia.

ഡല്‍ഹി: ശൈത്യകാലസമ്മേളനം അവസാനിച്ചതോടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകാതെയാണ് രാജ്യസഭ ബജറ്റ് സമ്മേളനത്തിനായി പിരിഞ്ഞത്. ജനുവരി 29 നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്.

ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ പാസാക്കാനാകാതെയാണ് രാജ്യസഭ പിരിഞ്ഞത്. മുത്തലാഖ് ബില്‍ ഇന്നും സഭ പരിഗണിക്കുന്ന ബില്ലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന് ബിജെപി അംഗങ്ങള്‍ക്ക് രാവിലെ വിപ്പ് നല്‍കി. ഇതിന് പുറമെ കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. ഇതോടെ മുത്തലാഖ് ബില്‍ സഭയില്‍ ചര്‍ച്ചക്ക് എടുത്തേക്കുമെന്ന അഭ്യൂഹം പ്രചരിച്ചു.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നിന്നത് കൊണ്ടാണ് മുത്തലാഖ് ബില്‍ രാജ്യസഭ കടക്കാത്തത്. മുത്തലാഖ് ബില്‍ ഇനി ബജറ്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ ചര്‍ച്ചക്ക് എടുക്കാനാണ് സാധ്യത. ഇതിനിടയില്‍ പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്‍പത് വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദം. മാര്‍ച്ച് ആറ് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെയാണ് രണ്ടാം ഘട്ടം.