മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി സമ്മാനമായി നല്‍കുന്നത് 71 ലക്ഷം രൂപയുടെ ഗാൽ മൊബൈൽ ജീപ്പ്

0
80

ഈ മാസം ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു എത്തുന്നത് മോദിക്ക് സമ്മാനവുമായി. ഇസ്രയേൽ വികസിപ്പിച്ചെടുത്ത ഗാൽ മൊബൈൽ എന്ന ജീപ്പാണ് മോദിക്ക് സമ്മാനിക്കാൻ കൊണ്ടുവരുന്നത്. കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാൻ ശേഷിയുള്ള ജീപ്പായാരിക്കും നെതന്യാഹു മോദിക്ക് സമ്മാനിക്കുന്നത്.

ഏകദേശം 390,000 ഇസ്രയേലി ഷെക്കല്‍ (ഏകദേശം 71 ലക്ഷം രൂപ) ആണ് ഈ ജീപ്പിന്റെ വില. ഇസ്രയേൽ കമ്പനിയായി ഗാൽ വികസിപ്പിച്ച ഗാല്‍മൊബൈലിന് ഒരു ദിവസം 20000 ലീറ്റർ വരെ കടൽ വെള്ളവും നദിയിൽ നിന്നുള്ള വെള്ളമാണെങ്കിൽ 80000 ലീറ്ററും ശുദ്ധീകരിക്കാൻ സാധിക്കും. കുറഞ്ഞ സമയം കൊണ്ട് മാലിന്യവിമുക്തമായ ശുദ്ധജലം ഗാൽമൊബീൽ നൽകുമെന്നാണ് ഇസ്രയേൽ പറയുന്നത്. 1540 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്.

നാലു ദിവസത്തെ സന്ദർശനത്തിനു ജനുവരി 14നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ത്യയിലെത്തുക. സമ്മാനമായി ജീപ്പ് നൽകുന്നതിനെപ്പറ്റി ഔദ്യോഗിക വിശദീകരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ മെഡിറ്ററേനിയൽ കടൽത്തീരത്ത് വെച്ച് ജീപ്പിന്റെ പ്രവർത്തനരീതി ചോദിച്ചു മനസിലാക്കുകയും ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ജീപ്പ് സമ്മാനിക്കാൻ ഇസ്രയേൽ തീരുമാനിച്ചത്.