യൂട്യൂബില്‍ വിളഞ്ഞ സ്‌ട്രോബറി കൃഷി

0
157

ദ് ബെറ്റര്‍ ഇന്ത്യയില്‍ മനാബി കറ്റോച് എഴുതിയത് (പരിഭാഷ:ആരതി.എം.ആര്‍)

കാര്‍ഷിക മേഖല എന്നും ചര്‍ച്ചകള്‍ക്ക് വിധേയമാവാറുണ്ട്. വേണ്ടത്ര വിള ലഭിക്കാത്തതും,ലാഭ നഷ്ടക്കണക്കുകളുമൊക്കെയായി കാര്‍ഷിക ചര്‍ച്ചകള്‍
നീളുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് ദീപകിന്റെ കൃഷിരീതി.

എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ദീപക് ഒരു ഫ്രീലാന്‍സര്‍ വെബ് ഡിസൈനറായി. തന്റെ ജോലിയില്‍ പ്രാവീണ്യം തെളിയിക്കാനായെങ്കിലും ദീപകിന് ഒരു സംതൃപ്തി കിട്ടിയിരുന്നില്ല. അങ്ങനെ ജീവിതം മുന്നോട്ട് പോയപ്പോഴാണ് രാജസ്ഥാനിലുള്ള ദീപകിന്റെ ഫാംഹൗസിലേക്ക് എത്തിയതും ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതും. ഗ്രാമത്തിലെ കര്‍ഷകര്‍ ഇപ്പോഴും പഴയ കൃഷിരീതികളാണ് തുടരുന്നത്. നഷ്ടങ്ങളുണ്ടായാലും ഒരേ വിളകള്‍ തന്നെ അവര്‍ വീണ്ടും വീണ്ടും കൃഷി ചെയ്യുന്നു. അതോടെ ദീപകിന്റെ ആലോചനകള്‍ കൃഷിയെക്കുറിച്ചായി. എന്നാല്‍ പരമ്പരാഗത രീതികള്‍ തുടങ്ങുന്ന കൃഷിക്കാരനാകാന്‍ ദീപകിന് ഇഷ്ടമല്ലായിരുന്നു.

യാദൃശ്ചികമായി ദീപക് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അവിടെയുള്ള ഗ്രാമങ്ങളില്‍ സ്‌ട്രോബറി കൃഷിപ്പാടങ്ങള്‍ ദീപക് കാണാനിടയായി. രാജസ്ഥാനിലെ തന്റെ ഗ്രാമത്തിന്റെ അതേ കാലാവസ്ഥയായിരുന്നു മഹാരാഷ്ട്രയിലെയും. അപ്പോഴാണ് സ്‌ട്രോബറി കൃഷിയുടെ സാധ്യതകളെപ്പറ്റി ദീപക് ചിന്തിക്കാന്‍ തുടങ്ങിയത്.

കാര്‍ഷികവൃത്തിയില്‍ അറിവുകളൊന്നുമില്ലാത്ത ദീപക് കര്‍ഷകരോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി. എന്നാല്‍ സ്‌ട്രോബറി എന്ന ഫലത്തെപ്പറ്റി അവര്‍ക്ക് ആര്‍ക്കും കേട്ടുകേള്‍വി കൂടിയില്ലായിരുന്നു.

‘എന്റെ ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സ്‌ട്രോബറിയെ പറ്റി അറിയില്ലായിരുന്നു. സ്‌ട്രോബറി കൃഷി ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ കളിയാക്കുകയാണ് ഉണ്ടായത്.’ ദീപക് ഓര്‍ക്കുന്നു.

അതുകൊണ്ട് ദീപക് സ്വന്തമായി കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ തുടങ്ങി. യൂട്യൂബ് വീഡിയോയില്‍ നിന്ന് സ്‌ട്രോബറി കൃഷിയുടെ ഓരോ സ്‌റ്റെപും പഠിച്ചെടുത്തു. ആദ്യപടിയായി ഒരു ഏക്കറില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. രണ്ട് മാസത്തിനുള്ളില്‍ തന്നെ ദീപകിന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. ഇന്ന് സ്വയം പഠിച്ചെടുത്ത കൃഷിരീതി ഉപയോഗിച്ച് വളരെ ഫലപ്രദമായി ദീപക് സ്‌ട്രോബറി കൃഷി തുടരുന്നു.