വി.ടി.ബല്‍റാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

0
45

തൃത്താല: ടി.പി കേസ് അട്ടിമറിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് വി.ടി.ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തെ വിമര്‍ശിച്ച് വി.ടി.ബല്‍റാം ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്.

കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദം. ഇനിയെങ്കിലും ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയം അവസാനിപ്പിക്കണം. ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി ഈ കേസെന്നുമാണ് ബല്‍റാം തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സരിതയുടെ കത്തില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം കേസെടുക്കാനുള്ള സര്‍ക്കാര്‍ നടപടി വന്നപ്പോഴായിരുന്നു ബല്‍റാമിന്റെ ഈ പോസ്റ്റ്. ഈ പോസ്റ്റിനെതിരെ ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവാണ് പരാതി നല്‍കിയത്.