വ്യത്യസ്തമായി കിരീടാവകാശിക്ക് നന്ദി അറിയിച്ച് ദുബായ് നഗരം

0
49

ദുബായ്: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദുബായിയുടെ പ്രധാന കെട്ടിടങ്ങളിലൊക്കെ ജനങ്ങള്‍ കണ്ടത് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വ്വസൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുഖം.

ഒരു നന്ദിക്കുറിപ്പോടെയായിരുന്നു ചിത്രം കെട്ടിടങ്ങളിലാകെ തെളിഞ്ഞത്. നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിക്കുന്ന അബുദാബി കിരീടാവകാശിക്ക് ഒരു വാക്കോ, ചിത്രമോ, നല്ല പ്രവൃത്തിയോ വഴി നന്ദി പറയാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തും ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ദുബായ് ഭരണാധികാരിയുടെ കിരീടധാരണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദുബായ് നഗരം അബുദാബി കിരീടാവകാശിക്ക് നന്ദി അറിയിച്ചത്.

ബുര്‍ജ് ഖലീഫയും ബുര്‍ജ്ജ് അല്‍ അറബും ദുബായ് പോലീസിന്റെ കാറുകളും നഗരത്തിലെ ഇലക്ട്രോണിക് സ്‌ക്രീനുകളും ആര്‍.ടി.എ.യുടെ ബോര്‍ഡുകളുമെല്ലാം ദുബായ് ഭരണാധികാരി തുടങ്ങിവെച്ച ‘താങ്ക്യൂ’ പ്രചാരണം ഏറ്റെടുത്തു. മന്ത്രിമാരും മറ്റു പ്രമുഖരുമുള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെയും അബുദാബി കിരീടാവകാശിക്കു നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.