ശവസംസ്‌കാര തുക മകന്റെ പേരില്‍ ചെക്കെഴുതിവെച്ച് വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

0
71

ചെന്നൈ: ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതിവെച്ച് വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ചെന്നൈ പോരൂര്‍ സ്വദേശികളായ മനോഹരനും (62), ഭാര്യ ജീവയും (56) ആണ് ജീവനൊടുക്കിയത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥരായിരുന്ന ഇരുവരേയും പ്രായമായതോടെ രണ്ടു മക്കളും തിരിഞ്ഞു നോക്കാതെയായി. ഇതില്‍ മനം നൊന്താണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

ഭാര്യക്ക് വിഷം നല്‍കിയശേഷം മനോഹരന്‍ സ്വയം തീകൊളുത്തുകയായിരുന്നു. രാവിലെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ മനോഹരന്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. കുറിപ്പില്‍ തങ്ങളുടെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ഇതോടൊപ്പമുള്ള ചെക്ക് ശവസംസ്‌കാര ചടങ്ങുകള്‍ക്കു വേണ്ടി മക്കള്‍ക്ക് നല്‍കണമെന്നും എഴുതിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.