സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയുമായി കർണാടക പൊലീസ്

0
70

സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയുമായി കർണാടക പൊലീസ്. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ വ്യാപകമാകുന്നതിനെ തുടർന്നാണ് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുന്നത്. ഹാഫ്-ഫെയ്‌സ്, ഓപ്പണ്‍-ഫെയ്‌സ് ഹെല്‍മറ്റുകളും ഉപയോഗിക്കാന്‍ സമ്മതിക്കാതെ കർണാടക പൊലീസ്.

ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകൾ ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും. ഇത് പാലിക്കാത്തവരുടെ ഹെൽമെറ്റ് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ നിരവധി ഹെൽമെറ്റുകൾ പൊലീസ് നശിപ്പിച്ചുകഴിഞ്ഞു. തുടക്കത്തിൽ ബാംഗ്ലൂർ, മൈസൂർ നഗരങ്ങളിലാണ് പരീശോധന കർശനമാക്കുന്നത്. തുടർന്ന് പരിശോധന സംസ്ഥാന വ്യാപകമാക്കാനും പദ്ധതിയുണ്ട്.

ഹെൽമെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

അംഗീകൃത ഡീലർമാരിൽ നിന്നുമാത്രം ഹെൽമെറ്റ് വാങ്ങുക. ഇന്ത്യയിൽ ഐഎസ്‌ഐ മാർക്ക് ഹെൽമെറ്റിൽ രേഖപ്പെടുത്തിയിരിക്കണമെന്നത് നിർബന്ധമാണ്. ഇന്ത്യയിൽ 150 ലേറെ റജിസ്‌ട്രേഡ് ഹെൽമെറ്റ് കമ്പനികളുണ്ട്. 800 മുതൽ ലക്ഷങ്ങൾ വരെ വിലവരുന്ന ഹെൽമെറ്റുകൾ ഈ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ഏറ്റവും വില കുറഞ്ഞ ഹെൽമെറ്റ് നോക്കിയെടുക്കാതെ ഗുണനിലവാരം നോക്കി മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഒരിക്കലും വഴിയോര കച്ചവടക്കാരിൽ നിന്ന് ഹെൽമെറ്റുകൾ വാങ്ങരുത്.

മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം.