2017ല്‍ സമയനിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് ഒന്നാമത്

0
76

ന്യൂഡല്‍ഹി: 2017-ല്‍ സമയനിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് ഒന്നാമത്. 85 ശതമാനം സമയനിഷ്ഠ പാലിച്ചാണ് ജപ്പാന്‍ എയര്‍ലൈന്‍സ് ഒന്നാം സ്ഥാനത്തെത്തിയത്. ജപ്പാന്റെ തന്നെ ഓള്‍ നിപ്പോണ്‍ എയര്‍വെയ്സാണ് തൊട്ടുപിന്നിലുള്ളത്.

സമയനിഷ്ഠയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയും ഇടംപിടിച്ചിട്ടുണ്ട്. ഇന്‍ഡിഗോയ്ക്ക് നാലാം സ്ഥാനമാണുള്ളത്. അമേരിക്കന്‍ കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് മൂന്നാമത്. യു.കെ.ആസ്ഥാനമായ വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍.

സമയനിഷ്ഠ പാലിച്ച ആദ്യ 20 വിമാനക്കമ്പനികളില്‍ ഉത്തര അമേരിക്കയില്‍ നിന്ന് ഏഴ് എയര്‍ലൈന്‍സുകള്‍, യൂറോപ്പില്‍ നിന്ന് ആറ്, ഏഷ്യ-പസഫിക്കില്‍ നിന്ന് ആറ്, ലാറ്റിനമേരിക്കയില്‍ നിന്ന് ഒരു എയര്‍ലൈന്‍സുമാണ് ഇടംപിടിച്ചിട്ടുള്ളത്.