2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനം കുറയും

0
44

ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) .6% കുറയുമെന്ന വിലയിരുത്തലുമായി സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം 7.1 ശതമാനമായിരുന്ന വളര്‍ച്ച 6.5 ശതമാനമായാണു ചുരുങ്ങുക. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ആദ്യമായാണ് ഇത്രയും കുറയുന്നത്. ചീഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ) ആണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെയും കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ചരക്ക്, സേവന നികുതിയുടെയും സ്വാധീനമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമായതെന്നാണ് അനുമാനം.

കാര്‍ഷിക, നിര്‍മാണ മേഖലകളാണു പ്രധാനമായും വളര്‍ച്ചാ മാന്ദ്യത്തിനു കാരണമാവുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല 2.1 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുക. മുന്‍ വര്‍ഷത്തെ വളര്‍ച്ചാ നിരക്കായ 4.9നെ അപേക്ഷിച്ച് ഏറെ പിന്നിലാണിത്. കഴിഞ്ഞ വര്‍ഷം 7.9 ശതമാനം വളര്‍ച്ചാ നിരക്കു രേഖപ്പെടുത്തിയ നിര്‍മാണ മേഖലയില്‍ ഈ വര്‍ഷം 4.6 ശതമാനം വളര്‍ച്ചാനിരക്കേ പ്രതീക്ഷിക്കുന്നുള്ളൂ.

ഊര്‍ജ, ഹോട്ടല്‍ മേഖലകളാണ് ഇക്കാലയളവില്‍ കാര്യമായ വളര്‍ച്ചാനിരക്കുമായി ശ്രദ്ധ നേടുന്ന രണ്ടു മേഖലകള്‍. ഈ മേഖലകളില്‍ യഥാക്രമം 7.5, 8.7 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നത്.