ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇനിയുമിടിയുമെന്ന റിപ്പോര്‍ട്ട്‌ ആശങ്കാജനകം: മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്

0
72

തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തരവളര്‍ച്ചാ നിരക്ക് ഇനിയുമിടിയുമെന്ന കേന്ദ്ര സ്റ്റാറ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട്‌
ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 6.5%ലേക്കാണ് നമ്മുടെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയിരിക്കുന്നതെന്നും വരുന്ന വര്‍ഷം നിര്‍മാണമേഖലയിലെയും കാര്‍ഷികമേഖലയിലെയും വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമെന്ന് കണക്കുകള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും ജിഎസ്റ്റിയും പോലെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മോചിതമായിട്ടില്ലെന്നാണിത് വ്യക്തമാക്കുന്നത്. എടുത്തുചാടി നടപ്പിലാക്കിയ സാമ്പത്തികപരിഷ്‌കാരങ്ങളെ സംബന്ധിച്ച് ഇടതുപക്ഷമുന്നയിച്ച വിമര്‍ശനങ്ങളെ ശരിവയ്ക്കുകയാണ് ഈ കണക്കുകള്‍.

വരുന്ന കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും പൊതുമേഖലയെ സംരക്ഷിച്ചുനിര്‍ത്തുവാനും നിര്‍മാണമേഖലയെ ശക്തിപ്പെടുത്തുവാനും ഉതകുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ അത്തരത്തില്‍ ശക്തമായൊരു നിലപാടെടുക്കുവാന്‍ അനുവദിക്കുമെന്ന് കരുതുന്നില്ല.