ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ് -11 ഉപഗ്രഹവുമായി ഐ.എസ്.ആര്‍.ഒ

0
57

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 എന്ന ഉപഗ്രഹവുമായി ഐ.എസ്.ആര്‍.ഒ. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. 500 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഈ വമ്പന്‍ ഉപഹ്രത്തിന് നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ഉയര്‍ന്ന മേല്‍ക്കൂരയുള്ള ഒരു മുറിയുടെ അത്രയും വലിപ്പമുവുണ്ട്.

ഉപഗ്രഹത്തില്‍ അധിഷ്ടിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ്-11 ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍വത്കരിക്കുന്നതിന് സഹായകമാവും. ഫ്രഞ്ച് എരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ടെലികോം രംഗത്തെ ഒരു വിപ്ലവകരമായ മാറ്റത്തിനും ഇത് വഴിവെക്കും.

‘രാജ്യത്തിന് ഒരു പുതിയ ശേഷി പ്രദാനം ചെയ്യുന്നതിന് വേണ്ടിയാണ് ഈ ശ്രമം. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് എന്നത് ഒരു സൂചന മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍, താലൂക്കുകള്‍, സുരക്ഷാ സേനകള്‍ എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള കണക്റ്റിവിറ്റിയാണ് നമുക്ക് വേണ്ടത്.’ ഐ.എസ്.ആര്‍ഒ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു.

ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെ ആകെ ശേഷിയ്ക്ക് തുല്യമാണ് ജിസാറ്റ്-11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാണ് ഈ ഉപഗ്രഹം. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക് റെക്കോഡാണ്‌ ഫ്രഞ്ച് എരിയന്‍-5 റോക്കറ്റിനുള്ളത്‌.