എട്ട് വര്‍ഷം കൊണ്ട് 5 ലക്ഷം സഞ്ചാരികളെ ലക്ഷ്യമിട്ട് ഖത്തര്‍

0
64

ദോഹ: വിനോദ സഞ്ചാര മേഖലയില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ഖത്തര്‍. എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഡംബര കപ്പല്‍ ടൂറിസത്തിലൂടെ പ്രതിവര്‍ഷം 35 കോടി റിയാല്‍ വരുമാനമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ ക്രൂസ് സീസണില്‍ ഇത്തവണ ഖത്തറിലെത്തി. ദോഹ സന്ദര്‍ശിക്കാന്‍ കപ്പലുകളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചു ലക്ഷം പേരിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആഡംബര കപ്പലായ എംഎസ്സി സ്‌പ്ലെന്‍ഡിഡ ഉള്‍പ്പെടെയുള്ള കപ്പലുകള്‍ ഇത്തവണത്തെ ക്രൂസ് സീസണില്‍ ദോഹയില്‍ എത്തിയിട്ടുണ്ട്.
നാലായിരത്തിലേറെ സന്ദര്‍ശകരുമായാണ് സ്‌പ്ലെന്‍ഡിഡ ദോഹയില്‍ എത്തിയത്. ഈ ക്രൂസ് സീസണില്‍ ഇനി നാലു തവണ കൂടി സ്‌പ്ലെന്‍ഡിഡ സഞ്ചാരികളുമായി ദോഹയിലെത്തും. 333 മീറ്റര്‍ നീളവും 66 മീറ്റര്‍ ഉയരവുമുള്ള സ്‌പ്ലെന്‍ഡിഡയാണ് ദോഹ തുറമുഖത്തെത്തിയ ഏറ്റവും വലിയ കപ്പലെന്നു കരുതുന്നു. 13 നിലകളാണു യാത്രക്കാര്‍ക്കായി കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. ജര്‍മന്‍ കപ്പലായ മയിന്‍ ഷിഫാണ് ദോഹയിലെത്തിയ മറ്റൊരു വലിയ കപ്പല്‍. 293 മീറ്ററാണ് നീളം. ഈ വര്‍ഷം ആദ്യമായാണു സ്‌പ്ലെന്‍ഡിഡയും മയിന്‍ ഷിഫും ദോഹ തുറമുഖത്തെത്തിയത്. ഇത്തവണത്തെ ക്രൂസ് സീസണില്‍ 21 ആഡംബര കപ്പലുകള്‍ ദോഹ തുറമുഖത്തെത്തിയേക്കും.
കഴിഞ്ഞ വര്‍ഷത്തെ ക്രൂസ് സീസണില്‍ 47,000 സന്ദര്‍ശകരാണ് ദോഹയിലെത്തിയത്. സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനയുണ്ടാവുമെന്നാണു പ്രതീക്ഷ. ദോഹ തുറമുഖത്തു സ്ഥിരമായി ക്രൂസ് ടെര്‍മിനല്‍ വികസിപ്പിക്കാനും ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. തുറമുഖത്തെത്തി ഒരു മണിക്കൂറിനുള്ളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം ആരംഭിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതികള്‍ നടപ്പാക്കുക. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രത്യേക പാക്കേജുകളും ലഭ്യമാണ്.